പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പേര് പ്രഖ്യാപിച്ചതു മുതൽക്കെ വിവാദങ്ങളുടെ നിഴലിലായിരുന്നു ചിത്രം. പല കേസുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് നേരിടേണ്ടി വന്നത് വലിയ വിമർശനമാണ്. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും സിനിമയിൽ നായക കഥാപാത്രം പറയുന്ന സംഭാഷണം വളരെയേറെ വിമർശിക്കപ്പെട്ടിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം കടുത്തതോടെ നടൻ പൃഥ്വിരാജിന് മാപ്പ് ചോദിക്കേണ്ടി വന്നു. അവസാനം സിനിമയിലെ ആ രംഗം മ്യൂട്ടാക്കുകയാണ് ഉണ്ടായത്.
ഓഗസ്റ്റ് 4 ന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതോടെ പല ട്രോളുകളും ചിത്രം ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരെ മാത്രമല്ല മാനസിക പ്രശ്നങ്ങളുള്ളവരെയും പരിഹസിക്കുകയാണ് സിനിമ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആരോപണം വീണ്ടും ഉയരുകയാണ്. മാനസിക രോഗമുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സിനിമയെ കടുത്ത ഭാഷയിൽ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ.സി.ജെ ജോണ്‍. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഡോക്ടറുടെ പ്രതികരണം.
ഡോ. സി ജെ ജോണിന്റെ കുറിപ്പ്,
കടുവയെന്ന സിനിമയിൽ മാനസിക രോഗമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വേറെയും പരാമർശമുണ്ട്. ഇതിലെ വില്ലൻ പോലീസ് മേധാവി, നായകനെ കൊല്ലാൻ വേണ്ടി ക്വട്ടേഷനായി സമീപിക്കുന്നത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയിൽ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാൻ ഡോക്ടറോട് ആവശ്യപ്പെടുന്നു. ബൈപോളാർ രോഗവും ക്രിമിനൽ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടർ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ് വിടുന്നു. ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികൾ ഉള്ളവരെ ഇങ്ങനെ മോശം രീതിയിൽ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാൻ? പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്. കഥയെന്ന സംഗതി മരുന്നിന് പോലും ചേർക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന് ഇങ്ങനെ ഒരു കടുവ? ഒരു കഷണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യൂട്ട് ചെയ്തു.
Comments