തിരുവനന്തപുരം: ഉണ്ണി മുകുന്ദന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ മാർക്കോയ്‌ക്ക് പിന്നാലെ കളക്ഷനിൽ കുതിച്ച് ടൊവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’. ബോക്‌സ് ഓഫീസിൽ തരംഗമായ ചിത്രത്തിന് നാല് ദിവസം കൊണ്ട് 23.20 കോടി രൂപയാണ് വേൾഡ് വൈഡ് കളക്ഷൻ. തമിഴ്‌നാട്ടിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും തമിഴ് നാട്ടിൽ കളക്ഷൻ കൂടുന്നുണ്ട്.
ഐഡന്റിറ്റിയുടെ മേക്കിങ്ങിനെയും പ്രൊഡക്ഷൻ ക്വാളിറ്റിയെയും പ്രേക്ഷകരും നിരൂപകരും ഏറെ പ്രശംസിക്കുന്നുണ്ട്. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ആണ് ചിത്രം. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി ജെയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്.
സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. ജനുവരി 2നാണ് റിലീസ് ചെയ്തത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ബോളിവുഡ് നടിയായ മന്ദിര ബേദിയും ചിത്രത്തിലുണ്ട്.
ജിസിസി വിതരണാവകാശം ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്. അഖിൽ ജോർജിന്റെ ഛായാഗ്രാഹണവും ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നുവെന്ന് പ്രേക്ഷകർ പറയുന്നു.