ന്യൂഡൽഹി: ക്യാമ്പസ് പ്ലെയ്സ്മെന്റ് വഴി ഏറ്റവും അധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് . 380 കമ്പനികൾ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ രണ്ട് ഘട്ടങ്ങളിലായി 1199 തൊഴിലവസരങ്ങളാണ് നൽകിയത്. അവധിക്കാലത്ത് നടത്തുന്ന ഇന്റേൺഷിപ്പിൽ നിന്ന് 231 പ്രീ-പ്ലേസ്മെന്റ് ഓഫറുകൾ ലഭിച്ചുവെന്ന് ഐഐടി മദ്രാസ് അധികൃതർ വ്യക്തമാക്കി. ക്യാമ്പസ് പ്ലേസ്മെന്റിന്റെ രണ്ട് ഘട്ടങ്ങളിലായി 131 സ്റ്റാർട്ടപ്പുകൾ 199 ഓഫറുകളും നൽകി.
2021-22 കാലയളവിൽ ക്യാമ്പസ് പ്ലെയ്സ്മെന്റുകൾ തിരഞ്ഞെടുത്ത 80 ശതമാനം വിദ്യാർത്ഥികൾക്കും ജോലി ഓഫറുകൾ ലഭിച്ചു.പ്രതിവർഷം 21.48 ലക്ഷം രൂപയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ച ശരാശരി ശമ്പള വാഗ്ദാനം. 14 കമ്പനികൾ 45 അന്താരാഷ്‌ട്ര ഓഫറുകളും നൽകി. 2,50,000 ഡോളറാണ് ബഹുരാഷ്‌ട്ര കമ്പനികൾ വിദ്യാർത്ഥികൾക്ക് നൽകിയ ശമ്പള വാഗ്ദാനം. ഇഎക്‌സ്എൽ സർവീസ്, ഇവൈ ഇന്ത്യ, അമേരിക്കൻ എക്‌സ്പ്രസ്, മൈക്രോസോഫ്റ്റ് ഇന്ത്യ, മഹീന്ദ്ര ബാങ്ക്് തുടങ്ങിയ കമ്പനികളാണ് കൂടുതൽ നിയമനങ്ങൾ നടന്നത്.
മദ്രാസ് ഐഐടി മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ 61 എംബിഎ വിദ്യാർത്ഥികളും ജോലിയിൽ പ്രവേശിച്ചതോടെ നൂറു ശതമാനം പ്ലേസ്മെന്റിനാണ് ഐഐടി സാക്ഷ്യം വഹിച്ചത്. കോർ എൻജിനീയറിങ്ങ് ടെക്നോളജി മേഖലയിൽ 42 ശതമാനം പ്ലെയ്സ്മെന്റുകളും ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, ഡാറ്റാ സയൻസ്, അനലിറ്റിക്സ് മേഖലകളിൽ 17 ശതമാനം വീതം പ്ലേസ്മെന്റുകളും നടന്നു.വിദ്യാർത്ഥികളുടെ മികവിന്റെ പ്രതിഫലനമാണ് പ്ലേസ്‌മെന്റുകളെന്ന് അദ്ധ്യപകനായ സിഎസ് ശങ്കർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് റെക്കോർഡിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments