ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി; സ്വർണത്തിളക്കം തന്നെയെന്ന് ഗോൾകീപ്പർ പിആർ ശ്രീജേഷിന്റെ കുടുംബം

Published by
Janam Web Desk

കൊച്ചി: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ വെള്ളി നേട്ടത്തിൽ സന്തോഷിക്കുകയാണ് ഗോൾകീപ്പറും മലയാളി താരവുമായ പി.ആർ ശ്രീജേഷിന്റെ കുടുംബം. സ്വർണം നേടാനാകാത്തിൽ നിരാശയുണ്ടെങ്കിലും ഈ വെള്ളി നേട്ടത്തിന് സുവർണത്തിളക്കമാണെന്ന് ശ്രീജേഷിന്റെ കുടുംബം പ്രതികരിച്ചു.

എതിരില്ലാതെ ഏഴു ഗോളിനായിരുന്നു ഓസ്‌ട്രേലിയോട് ഇന്ത്യ പരാജയപ്പെട്ടത്. മുൻ വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസിൽ ഹോക്കിയിൽ ഇന്ത്യ ഫൈനലിലെത്തിയപ്പോൾ വെള്ളിയായിരുന്നു രാജ്യത്തിന് നേടാനായത്. ഇത്തവണ അത് സ്വർണമാകുമെന്ന് ഏവരും പ്രതീക്ഷിക്കുകയും ചെയ്തു. ശ്രീജേഷിന്റെ ആദ്യ സേവും ആ പ്രതീക്ഷയ്‌ക്ക് ആക്കം കൂട്ടി. എന്നാൽ എതിരുകളില്ലാത്ത ഏഴ് ഗോളിന് ഇന്ത്യയ്‌ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സ്വർണ നേട്ടം ആഘോഷമാക്കാനിരുന്ന ശ്രീജേഷിന്റെ കിഴക്കമ്പലത്തെ വീട്ടിൽ അത് നേരിയ നിരാശ പടർത്തി. എങ്കിലും വെള്ളി നേട്ടത്തിൽ സന്തോഷം തന്നെയാണെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

1998-ൽ കോമൺവെൽത്ത് ഗെയിംസിൽ ഹോക്കി ഉൾപ്പെടുത്തിയപ്പോൾ മുതൽ അജയ്യരായി തുടരുന്ന ടീമാണ് ഓസ്‌ട്രേലിയ. ഇത്തവണയും പതിവ് തെറ്റിക്കാതെ സ്വർണം നിലനിർത്താൻ ഓസ്‌ട്രേലിയ്‌ക്ക് കഴിഞ്ഞു. നേരത്തെ 2010ലും 2014ലും ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. അതേസമയം ഇത്തവണ കൂടി വെള്ളി സ്വന്തമാക്കിയതോടെ കോമൺവെൽത്ത് ഹോക്കിയിൽ ഇന്ത്യയ്‌ക്ക് ലഭിച്ച വെള്ളി മെഡലുകൾ മൂന്നായി.

Share
Leave a Comment