220 അടി ഉയരമുള്ള പതാക ഉയർത്തി യുഎസ് നഗരം ഇന്ത്യയുടെ 75 സ്വാതന്ത്ര്യ ദിനം ആഘോഷിക്കും

Published by
Janam Web Desk

വാഷിംഗ്ടൺ:ഇന്ത്യയുടെ സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാനൊരുങ്ങി അമേരിക്കൻ നഗരമായ ബോസ്റ്റണും. 220 അടി ഉയരമുള്ള യുഎസ്- ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള വിമാനം പ്രദർശിപ്പിക്കും.രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടിയ്‌ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ഫൈഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ(ഐഎഫ്എ) വ്യക്തമാക്കി. ചരിത്രപ്രസിദ്ധമായ ബോസ്റ്റൺ ഹാർബറിലെ ഇന്ത്യ സ്ട്രീറ്റിൽ 32 രാജ്യങ്ങളിലെ പ്രതിനിധികൾ പരേഡിൽ പങ്കെടുക്കും. പരേഡിന്റെ നേതാവായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗിനെയും സംഘടാകർ ക്ഷണിച്ചു.

മസാച്യുസെറ്റ്സ് ഗവർണർ ചാർളി ബേക്കർ 75-ാം വർഷത്തെ സ്വാതന്ത്ര്യദിനം ‘ഇന്ത്യൻ ദിനമായി ‘പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിലെ ഇന്ത്യാ സ്ട്രീറ്റിലും ഓഗസ്റ്റ് 14 ന് റോഡ് ഐലൻഡിലെ സ്റ്റേറ്റ് ഹൗസിലും ദിനാചരണം നടക്കും.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇന്ത്യൻ ദിനം ആചരിക്കുന്നതെന്ന് ഐഎഫ്എ വ്യക്തമാക്കി.ബോസ്റ്റൺ ഹാർബറിൽ പതാക ഉയർത്തുന്നതിനൊപ്പം വിമുക്തഭടന്മാരുടെ ഒരു വലിയ ബാൻഡ് നയിക്കുന്ന പരേഡും രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന കാഴ്ച ദൃശ്യങ്ങളും ഉണ്ടാകും. റോഹഡ് ഐലൻഡിന്റെ സ്റ്റേറ്റ് ഹൗസിന്റെ ഉദ്ഘാടനവും നടക്കുമെന്ന് ഐഎഫ്എ പറഞ്ഞു.

പരിപാടിയിൽ പ്ലേ ചെയ്യുന്നതിനായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം അയച്ചു. ഇന്ത്യ യുഎസ് ബന്ധം ദൃഢമാണെന്നും മികച്ച് സുഹൃത്തുക്കളാമെന്നും വീഡിയോ സന്ദേശത്തിൽ ഗോയൽ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും പ്രധാനപ്പെട്ട സഖ്യകക്ഷികളാണ്.തന്ത്രപരവും വളരെ ആഴമേറിയതുമായ പങ്കാളിത്തമാണ് രാജ്യങ്ങൾ തമ്മിലുള്ളതെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യ വിശ്വ ഗുരുവായി മാറുമെന്നും നവീകരണത്തിന്റെയും അറിവിന്റെയും കേന്ദ്രമാകുമെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗ് പറഞ്ഞു. ഇന്ത്യൻ പൈതൃകത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുളള അവബോധം യുവതലമുറയിൽ വർദ്ധിപ്പിക്കണമെന്നും മൂല്യങ്ങൾ ഉൾക്കൊള്ളാൻ യുവ മനസ്സുകളെ പ്രചോദിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment