തിരുവനന്തപുരം: തലസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ ബോട്ടുകൾ കൊണ്ടുവരാനുള്ള നീക്കം പോലീസ് തടഞ്ഞു. ബോട്ടുകൾ നിരത്തിലിറക്കാനുള്ള ശ്രമം തടഞ്ഞതോടെ സമരക്കാരും പോലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് സംഘർഷത്തിന് കാരണമാവുകയും ചെയ്തു.
തീരദേശജനതയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ലത്തീൻ അതിരൂപത സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചത്. മത്സ്യബന്ധന യാനങ്ങളും കൊണ്ട് വന്ന് മാർച്ച് നടത്താനായിരുന്നു തീരുമാനം.
പക്ഷേ ഇത് പോലീസ് തടയുകയായിരുന്നു. നഗരത്തിലേക്ക് ബോട്ടുകൾ കൊണ്ടുവരാൻ കഴിയില്ലെന്നാണ് പോലീസ് നിലപാട്. തുടർന്ന് വിഴിഞ്ഞത്ത് നിന്നടക്കം ബോട്ടുകളുമായി എത്തിയ വാഹനങ്ങൾ പോലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു. വാഹനങ്ങൾ തടഞ്ഞതോടെ തലസ്ഥാനത്ത് ഗതാഗത കുരുക്ക് രൂക്ഷമായി.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പ്രകോപിപ്പിച്ചാലുണ്ടാവുന്ന അനന്തരഫലങ്ങൾക്ക് പോലീസും സർക്കാരും ഉത്തം പറയേണ്ടി വരുമെന്ന് സമരക്കാർ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പെടെയുളള കാര്യങ്ങൾ ഉന്നയിച്ചാണ് സമരം. ശാശ്വത പരിഹാരം വേണമെന്നും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം വേണമെന്നും സമരക്കാർ പറയുന്നു.
Comments