അബുദാബി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഗൾഫ് തലത്തിൽ ലുലു ഗ്രൂപ്പ് നടത്തുന്ന ‘ഇന്ത്യ ഉത്സവിന്’ അബുദാബിയൽ തുടക്കമാകും. തിങ്കളാഴ്ച അബുദാബിയിലെ അൽ വഹ്ദ മാളിലാണ് ആഘോഷങ്ങൾ നടക്കുക.
ഇന്ത്യൻ സംസ്കാരം, വ്യാപാരം, പാചകം എന്നിവയെ അടിസ്ഥാനമാക്കി ഗൾഫിലെ എല്ലാ ലുലു കേന്ദ്രങ്ങളിലും ‘ഇന്ത്യ ഉത്സവ്’ അരങ്ങേറുമെന്ന് ഗ്രൂപ്പ് ഡയറക്ടർ എം.എ സലീം പറഞ്ഞു.
ഇന്ത്യ ഉത്സവിന്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷം ഈ മാസം 17 വരെയും ജന്മാഷ്ടമി 17, 18 തിയതികളിലും ഗണേശ ചതുർഥി 25 മുതൽ 30 വരെയും ഓണാഘോഷം 30 മുതൽ സെപ്റ്റംബർ 8 വരെയും നടക്കും. കൂടാതെ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നവരാത്രി, ഒക്ടോബർ അവസാനം ദീപാവലി ആഘോഷങ്ങളും അരങ്ങേറും.
വൈവിധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങൾ, വസ്ത്രങ്ങൾ, സമ്മാനപ്പൊതികൾ, മധുരപലഹാരങ്ങൾ, സദ്യ തുടങ്ങിയവയും പ്രത്യേകതകളായിരിക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ ആഘോഷം കൂടിയായിരിക്കും ഇത്. എല്ലാ വിഭാഗങ്ങളിലുമായി ഒട്ടേറെ പ്രമോഷനുകളും ഓഫറുകളും ഏർപ്പെടുത്തും.
ഇന്ത്യൻ കരകൗശല വസ്തുക്കൾ, ഖാദി ഉൽപന്നങ്ങൾ, കശ്മീർ ഉൽപന്നങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സ്റ്റാളുകൾ. വിവിധ സംസ്ഥാനങ്ങളിലെ പാചകരീതികളും ലഘുഭക്ഷണങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ, സാംസ്കാരിക പരിപാടികളും മത്സരങ്ങളും ‘ഇന്ത്യ ഉത്സവിന്’ മാറ്റ് കൂട്ടും.
Comments