കൊച്ചി : കെടി ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയെ തള്ളി മന്ത്രി എംവി ഗോവിന്ദൻ. കശ്മീർ പ്രശ്നത്തിൽ സിപിഎമ്മിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് ജലീലിൽ ഇത്തരം പരാമർശം നടത്തിയത് എന്ന് വിശദീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ അധീന കശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല എന്നാണ് മന്ത്രി പറഞ്ഞത്. കശ്മീർ പ്രശ്നത്തിൽ സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. എന്ത് സാഹചര്യത്തിലാണ് ജീലിൽ ഇക്കാര്യം പറഞ്ഞത് എന്ന് വിശദീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കശ്മീരിൽ സന്ദർശനത്തിനിടെ ജലീൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ജമ്മുവും കശ്മീർ താഴ് വരയും ലഡാക്കുമടങ്ങുന്ന പ്രദേശം ഇന്ത്യൻ അധീന കശ്മീരാണെന്നും പാകിസ്താനോട് ചേർക്കപ്പെട്ട ഭാഗം ”ആസാദ് കശ്മീർ” ആണെന്നുമായിരുന്നു ജലീലിന്റെ വാദം. ആസാദ് കശ്മീരിന് സ്വന്തമായി സൈനിക വ്യൂഹം ഉണ്ടായിരുന്നെന്നും പാകിസ്താൻ സർക്കാരിന് ഭരണപരമായി പാക് അധീന കശ്മീരിൽ എടുത്ത് പറയത്തക്ക അധികാരം ഒന്നുമില്ല എന്നുമാണ് കെടി ജലീൽ പറഞ്ഞത്.
ഇത് വിവാദമായതോടെ ന്യായീകരണവുമായി എംഎൽഎ വീണ്ടും രംഗത്തെത്തി. ആസാദ് കശ്മീർ എന്ന വാക്ക് ഡബിൾ ഇൻവേർട്ടഡ് കോമയിലാണ് ഇട്ടത് എന്നായിരുന്നു മുൻ മന്ത്രിയുടെ ന്യായീകരണം. എന്നാൽ ഇടത് നേതാവിന്റെ രാജ്യവിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
Comments