ദുബായ്: യുഎഇയുടെ ഉച്ച വിശ്രമനിയമം ലംഘിച്ച അബുദാബിയിലെ ഒൻപത് നിർമാണ സ്ഥാപനങ്ങൾക്ക് പിഴ. നിയമം ലംഘിച്ച 155 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജൂൺ 15 മുതലായിരുന്നു നിയമം പ്രാബല്യത്തിൽ വന്നത്. നിയമ ലംഘകർക്ക് അരലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
അബുദാബി ദ്വീപ്, റബ്ദൻ ഡിസ്ട്രക്ട്, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നിർമാണ സ്ഥലങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. ഇവിടെ 302 സ്ഥാപനങ്ങളിൽ അധികൃതർ പരിശോധന നടത്തി.
തൊഴിലാളികൾക്ക് നിർബന്ധമായും ഉച്ചവിശ്രമം അനുവദിക്കണമെന്നും തീപിടിത്തവുമായി ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും അബുദാബി നഗരസഭ ഓർമിപ്പിച്ചു. പാരിസ്ഥിതിക, ആരോഗ്യ സുരക്ഷാ നടപടികൾ പാലിക്കണമെന്നും കർശന നിർദേശം നൽകി.
യുഎഇയിൽ ചൂട് ശക്തമായ സാഹചര്യത്തിൽ തുറസായ പ്രദേശങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നുമാസത്തേക്കാണ് ഉച്ചവിശ്രമം. തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും ഉയർന്ന താപനിലയുണ്ടാക്കുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാനുമാണ് നിയമം നടപ്പിലാക്കിയത്.
Comments