മുംബൈ: മഹാരാഷ്‌ട്രയിലെ ശിവസേന-ബിജെപി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസും സംയുക്തമായിട്ടാണ് വകുപ്പുകൾ പ്രഖ്യാപിച്ചത്. ഗവർണർ ഭഗത് സിംഗ് കോഷിയാരി മന്ത്രിസഭാ വികസന പട്ടികയ്‌ക്ക് അംഗീകാരം നൽകിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
മുഖ്യമന്ത്രി ഷിൻഡേയാണ് പൊതുഭരണവകുപ്പ്, നഗരവികസനം, വിവരസാങ്കേതിക-പബ്ലിക് റിലേഷൻ, പൊതുമരാമത്ത് എന്നിവയും മറ്റ് മന്ത്രിമാർക്ക് നൽകാത്ത വകുപ്പുകളും കൈകാര്യം ചെയ്യും . ആഭ്യന്തരം, ധനകാര്യം, ആസൂത്രണം, നിയമകാര്യം, ജലശക്തി, പ്രതിരോധ മേഖല വികസനം, നിർമ്മാണം, ഊർജ്ജം, പ്രോട്ടോക്കോൾ എന്നീ വകുപ്പ് ദേവേന്ദ്ര ഫഡ്‌നാവിസും കൈകാര്യം ചെയ്യും. ഇരുപാർട്ടികളിൽ നിന്നും 9 വീതം പേർക്കാണ് ആദ്യഘട്ടത്തിൽ മന്ത്രിപദവി നൽകിയിരിക്കുന്നത്.
മുതിർന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടിലാണ് ഉന്നത വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും നോക്കുക. ഒപ്പം ടെക്‌സ്റ്റൈൽസ്, പാർലമെന്ററി കാര്യം എന്നിവയും കൈകാര്യം ചെയ്യും. രവീന്ദ്ര ചാവാൻ പൊതുമരാമത്തിലെ വിവിധ വകുപ്പുകളും ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃ വകുപ്പും കൈകാര്യം ചെയ്യും.
ബിജെപി നേതാക്കളായ ഗിരീഷ് മഹാജന് ഗ്രാമ വികസനം, പഞ്ചായത്ത് രാജ് , വൈദ്യശാസ്ത്ര വിദ്യാഭ്യാസം , കായിക-യുവജനക്ഷേമം എന്നീ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. തൊഴിൽ വികസനം സുരേഷ് ഖഡേയ്‌ക്കും വിനോദസഞ്ചാരം, സ്‌കിൽ ഇന്ത്യ, സംരംഭകത്വം, വനിതാ ശിശുക്ഷേമം എന്നിവ മംഗൾ പ്രഭാത് ലോധയ്‌ക്കും നൽകി.
റവന്യൂ, മൃഗസംരക്ഷണ-ക്ഷീരോൽപ്പാദന വിപണന വകുപ്പുകൾ രാധാകൃഷ്ണ വിഖേയിക്കാണ്. വനംവകുപ്പ്, സാംസ്‌കാരികം, മത്സ്യബന്ധനം എന്നിവ സുധീർ മുംഗാന്ദിവാറും ഇനി കൈകാര്യം ചെയ്യും. മഹാരാഷ്‌ട്രയുടെ സുപ്രധാന ഗോത്രമേഖലയുടെ വികസനം, സഹകരണം, പിന്നാക്ക വിഭാഗങ്ങളുടെ വകുപ്പ് ചുമതല വിജയ്കുമാർ ഗാവിത് വഹിക്കും.
ശിവസേന നേതാക്കളായ ദാദാ ഭൂസേയ്‌ക്ക് തുറമുഖവും ഖനന വകുപ്പും ലഭിച്ചു. ശംഭൂരാജേ ദേശായീ എക്‌സൈസ് വകുപ്പാണ് കൈകാര്യം ചെയ്യുക. തൊഴിൽവകുപ്പും ഹോർട്ടികൾച്ചറും ഉദയ് സാമന്തിനാണ്. കൃഷി വകുപ്പ് അബ്ദുൾ സത്താറിനും സ്‌കൂൾ വിദ്യാഭ്യാസം-മറാഠി ഭാഷാ വകുപ്പ് ദീപക് കേസർക്കാറിനാണ്. ജലവിതരണം, ശുചിത്വം എന്നിവ ഗുലാബ്രാവോ പാട്ടീലിനും ഭക്ഷ്യ- ഔഷധ വിതരണ വകുപ്പ് സഞ്ജയ് റാത്തോഡിനും നൽകി.
Comments