കോഴിക്കോട്: ആസാദ് കശ്മീർ പരാമർശത്തിൽ കെടി ജലീലിനെ വിമർശിച്ച് ലീഗ് നേതാവ് കെഎം ഷാജി. തരാതരം അബ്ദുൾ ജലീൽ എന്നും ഡോക്ടർ എന്നും പേരെഴുതുന്ന ജലീൽ എഴുതിയതിന് ഒരു സമുദായം മുഴുവനുമാണ് തെറി കേൾക്കുന്നത്. ദയവ് ചെയ്തു ഇത്തരം വിഡ്ഢിത്തങ്ങൾ നിർത്തണമെന്ന് കെ എം ഷാജി ആവശ്യപ്പെട്ടു.
നാട്ടിൽ നന്മയുണ്ടാവാൻ ജലീലൊന്നു വായ പൂട്ടിയാൽ മതി. ലീഗിനെ അടിക്കാൻ സിപിഎം കൊണ്ടു നടന്ന ഒരു ടൂൾ മാത്രമാണ് ജലീൽ. അങ്ങനെ ഒരാളെ താങ്ങിയതിന്റെ ഫലമാണ് ഇപ്പോൾ സിപിഎം അനുഭവിക്കുന്നതെന്ന് കെ എം ഷാജി കുറ്റപ്പെടുത്തി.
എഴുതിയ വലിയ അബദ്ധത്തെ ജലീൽ നാടിന്റെ നന്മക്ക് വേണ്ടി എന്ന് പറഞ്ഞു പിൻവലിക്കുന്നത് അതിലും വലിയ അപരാധമാണെന്നും കെ എം ഷാജി പറഞ്ഞു. ഇന്ത്യൻ അധിനിവേശ കശ്മീർ എന്നും ആസാദി കശ്മീർ എന്നും പറഞ്ഞതിൽ ജലീലിന് ഇപ്പോഴും ഒരു തെറ്റും തോന്നുന്നില്ല എന്നാണിത് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഓരോ ദിവസവും ഇത്തരം നേതാക്കൾ പറയുന്ന വിടുവായത്തങ്ങളെ നിഷേധിക്കാൻ വേണ്ടി മാത്രം എകെജി സെൻററിൽ പ്രത്യേക സെല്ല് തന്നെ തുറന്നിട്ടുണ്ടെന്ന് കെഎം ഷാജി പരിഹസിച്ചു.
Comments