മലപ്പുറം: കശ്മീർ വിഷയത്തിൽ വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട കെ ടി ജലീൽ എം എൽ എയുടെ എടപ്പാൾ ഓഫീസിൽ യുവമോർച്ച പ്രവർത്തകർ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സജീഷ് ഏലായിലിന്റെ നേതൃത്വത്തിലാണ് എടപ്പാൾ ഓഫീസിൽ കരി ഓയിൽ ഒഴിച്ചത്. കശ്മീർ ഇന്ത്യയുടേതാണെന്നും അത് തിരുത്താൻ കെ ടി ജലീൽ നോക്കേണ്ടെന്നും യുവമോർച്ച വ്യക്തമാക്കി.
ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ ആസാദ് കശ്മീർ എന്ന പ്രയോഗം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തുടർന്ന് ബിജെപി ജലീലിനെതിരെ ശക്തമായായി രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങൾ കനത്തതോടെ ജലീൽ പരാമർശം പിൻവലിച്ചിരുന്നു.
എന്നാൽ, പരാമർശത്തിൽ മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ജലീൽ തയ്യാറായിരുന്നില്ല. പോസ്റ്റിലെ പരാമർശങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഉദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തുവെന്നുമായിരുന്നു ജലീലിന്റെ ന്യായീകരണം. നാടിന്റെ നന്മയ്‌ക്കായി പോസ്റ്റ് പിൻവലിക്കുകയാണെന്നും ജലീൽ പറഞ്ഞിരുന്നു.
Comments