പാലക്കാട്: കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികൾ പിടിയിൽ. രണ്ടു പ്രതികളാണ് പിടിയിലായത് എന്നാണ് വിവരം. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളും, സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. രണ്ടിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
അതേസമയം ഷാജഹാന്റെ കൊലപാതക കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവർത്തനം ആരംഭിക്കും. പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിന്റെ നേതൃത്വത്തിൽ 19 അംഗങ്ങളാണ് സംഘത്തിലുള്ളത്. പ്രതികളുടെ രാഷ്‌ട്രീയ പശ്ചാത്തലം വ്യക്തമാകാൻ കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
സംഭവത്തിൽ ശബരി എന്ന ആളാണ് ഷാജഹാനെ ആദ്യം വെട്ടിയത് എന്നും അനീഷ് എന്നയാൾ രണ്ടാമതാണ് വെട്ടിയതെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി. വെട്ടിയ രണ്ടുപേരും പാർട്ടി മെമ്പർമാരാണ്.ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ആയിരുന്നു വെളിപ്പെടുത്തൽ. എന്നാൽ ഷാജഹാന്റെത് രാഷ്‌ട്രീയകൊലപാതകമാണെന്നായിരുന്നു സിപിഎം വാദം.
കഴിഞ്ഞ ദിവസമാണ് മലമ്പുഴ കുന്നംങ്കാട് വച്ച് ഷാജഹാൻ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികൾ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘാമാണ് ഇയാളെ വെട്ടിയത്. ഷാജഹാന്റെ കാലിലും, ശരീരത്തിലും മാരകമായി വെട്ടേറ്റിരുന്നു.
Comments