പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് പിടികൂടിയത് മൂന്നാം പ്രതി നവീനിനെയും അഞ്ചാം പ്രതി സിദ്ധാർത്ഥനെയുമെന്ന് വിവരം. ഒരാളെ പട്ടാമ്പിയിൽ നിന്നും മറ്റൊരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ് എന്നിവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മൂന്നാം പ്രതി നവീനും ആദ്യ രണ്ട് പ്രതികളുമാണ് ഷാജഹാനെ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നത്. കേസിൽ നവീനുൾപ്പെടെ വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ചർച്ചയാകുകയാണ്.
കൊല നടന്ന ദിവസം രാവിലെയും നവീൻ ഫേസ്ബുക്കിൽ കുറിച്ചത് തന്റെ പാർട്ടിയുടെ നേതാവ് കോടിയേരി ബാലകൃഷ്ണനാണെന്നായിരുന്നു. നവീൻ പാർട്ടി പ്രവർത്തകനല്ലെന്നും ബിജെപിയുമായിട്ടാണ് ബന്ധമെന്നും സ്ഥാപിക്കാൻ സിപിഎം ശ്രമിക്കുമ്പോഴാണ് പ്രതിയുടെ സോഷ്യൽമീഡിയ പ്രഫൈലുകൾ വ്യക്തമായ പാർട്ടി ബന്ധം സൂചിപ്പിക്കുന്നത്.
കോടിയേരി ബാലകൃഷ്ണൻ കൂടാതെ വി.എസ് അച്യുതാനന്ദൻ, ബിനീഷ് കോടിയേരി എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും നവീൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ പിണറായി വിജയൻ, എംഎം മണി, തോമസ് ഐസക്, സജി ചെറിയാൻ, കെ.കെ ഷൈലജ, മലമ്പുഴ എംഎൽഎ പ്രഭാകരൻ, സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരെ പ്രകീർത്തിച്ചുള്ള പോസ്റ്റുകളും ഫേസ്ബുക്കിൽ കാണാം. ശ്രദ്ധേയമായ മറ്റൊരു കാര്യം നവീൻ ബിജെപിയെ രൂക്ഷമായി വിമർശിക്കുന്ന കുറിപ്പുകളും ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ്. ഇതിനെല്ലാം പുറമേ നവീനിന്റെ ഫേസ്ബുക്ക് ബയോയിൽ താൻ കമ്യൂണിസ്റ്റ് ആണെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
മൂന്നാം പ്രതി നവീന് സിപിഎമ്മുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഷാജഹാനെ വധിച്ചവർ സിപിഎമ്മുകാരല്ലെന്ന വാദത്തിൽ പാർട്ടി നേതൃത്വം ഉറച്ചുനിന്നു. പോലീസ് പിടിയിലായ നവീനിന് കഴിഞ്ഞ ഒരു വർഷമായി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. കൊലപാതകത്തിന് ആർഎസ്എസ് നേതാക്കളുടെ സഹായം ലഭിച്ചുവെന്നും പിന്നിൽ ആർഎസ്എസ് ആണെന്നും ആവർത്തിച്ച് രക്തസാക്ഷിയെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം.
Comments