തൃശൂർ: പ്ലസ്ടു വിദ്യാർത്ഥിനിയെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. വിവരം മറച്ചുവെക്കാൻ കുട്ടിയുടെ അച്ഛനും അമ്മയും ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിൽ പെൺകുട്ടി വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവുമായി പ്രതികൾക്ക് കഞ്ചാവ് ഇടപാടുണ്ടായിരുന്നതായി വിദ്യാർത്ഥിനി മൊഴി നൽകി. ഇതിനാലാകാം പീഡനവിവരം പോലീസ് അറിയിക്കാതിരുന്നതെന്നാണ് സൂചന.
അച്ഛന്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് സ്വന്തം വീട്ടിൽ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. രണ്ട് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തിൽ രണ്ട് പേരെ കൂടി ഇനി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസന്വേഷണത്തിന്റെ ചുമതല. കേസിൽ കൂടുതൽ പേരെ ചേർത്തേക്കാമെന്നും പോലീസ് പറയുന്നു.
Comments