മുംബൈ : ശിവസേന അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനം നടത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമ സഭയിൽ നിന്ന് ഉദ്ധവ് താക്കറെ രാജിവക്കാത്തതിനെ തുടർന്നാണ് വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. ജൂൺ 29 ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയുമ്പോൾ താൻ എംഎൽസി സ്ഥാനവും രാജിവെക്കുമെന്ന് താക്കറെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനത്തിന് മുന്നോടിയയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഈ പ്രഖ്യാപനത്തെ പരിഹസിച്ചത്.
”ഉദ്ധവിന്റേത് അടച്ചിട്ട മുറിയിലെ പ്രഖ്യാപനത്തിന് സമാനമാണ് . രണ്ടര വർഷം ശിവസേനയ്ക്ക് ഭരണം നൽകും എന്ന് ബിജെപി വാഗ്ദാനം ചെയ്ത കാര്യം അദ്ദേഹം ഓർക്കുന്ന പോലെ ഇതും സമാനമായ പ്രഖ്യാപനം ആയിരിക്കും.”ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
നിയമസഭാ കൗൺസിലിൽ ശിവസേന പ്രതിപക്ഷ നേതാവ് സ്ഥാനം നേടിയതിൽ കോൺഗ്രസിന്റെയും എൻസിപിയുടെയും അതൃപ്തി നിലനിൽക്കുകയാണ്. ഇതിനിടയിലാണ് ഉദ്ധവിന്റെ രാജി സംബന്ധിച്ച് വ്യക്തത വരാത്തത് ചർച്ചയായത്. താക്കറെയുടെ ശുപാർശ പ്രകാരം അംബാദാസ് ദൻവെയെ നിയമ സഭാ കൗൺസിലിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചിരുന്നു. ഇത് ഓഗസ്റ്റ് 9 മുതൽ പ്രാബല്യത്തിൽ വന്നു.കോൺഗ്രസിനേക്കാൾ ഒരു സീറ്റ് മാത്രമാണ് ശിവസേനയ്ക്ക് കൂടുതൽ ഉള്ളത് . ഇതിനാൽ താക്കറെയുടെ സഭയിലെ അംഗത്വം കൗൺസിലിൽ പാർട്ടിയുടെ അവകാശവാദത്തിന് നിർണായകമാണ്.നിലവിൽ നിയമസഭാ കൗൺസിലിൽ ശിവസേനയ്ക്കും കോൺഗ്രസിനും എൻസിപിക്കും യഥാക്രമം 12, 11, 10 സീറ്റുകൾ വീതമാണുള്ളത്.
Comments