ആൾവാർ: രാജസ്ഥാനിൽ ആൾക്കൂട്ടം ആളുമാറി വളഞ്ഞിട്ട് മർദ്ദിച്ച കർഷകൻ മരിച്ചു. 45 വയസ്സുകാരനായ ചിരഞ്ജി സൈനിയാണ് കൊല്ലപ്പെട്ടത്. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് സൈനിയെ ജനക്കൂട്ടം അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.
കൃഷിയിടത്തിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനിയെ പന്ത്രണ്ടിലധികം പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ട്രാക്ടർ മോഷണം ആരോപിച്ചായിരുന്നു മർദ്ദനം.
റംബാസ് ഗ്രാമത്തിൽ നിന്നും ഒരു സംഘം കള്ളന്മാർ ട്രാക്ടർ മോഷ്ടിച്ച് കടത്തിയിരുന്നു. മോഷ്ടാക്കളെ ട്രാക്ടർ ഉടമയും പോലീസും ചേർന്ന് പിന്തുടരുന്നുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ മോഷ്ടാക്കൾ ട്രാക്ടർ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഉടമസ്ഥനും പോലീസും എത്തുന്നതിന് മുൻപ്, സംഭവം ഒന്നുമറിയാത്ത ചിരഞ്ജി സൈനി ട്രാക്ടറിന്റെ അടുത്തെത്തി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രാക്ടർ പരിശോധിക്കുന്നതിനിടെ, സ്ഥലത്തെത്തിയ ഉടമസ്ഥനും സംഘവും കള്ളനാണെന്ന് തെറ്റിദ്ധരിച്ച് സൈനിയെ ആക്രമിച്ചു. കള്ളനല്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും മർദ്ദനം തുടർന്നു. ബോധം കെടുന്നത് വരെ സൈനിയെ ആൾക്കൂട്ടം മർദ്ദിക്കുന്നത് പോലീസ് നോക്കി നിന്നു.
തുടർന്ന്, പ്രകോപിതരായ കർഷകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കൊലയാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. ആൾക്കൂട്ടം പ്രതിഷേധം ശക്തമാക്കിയതോടെ, പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായി. വിക്രം ഖാൻ, ആസാദ് ഖാൻ, ശ്യാബു, സാഹുൻ, തലീം, കാസം, പോല എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ പ്രതികളെ വിട്ടയക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗം ജനങ്ങളും പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയത് സംഘർഷത്തിന് ഇടയാക്കി. സംഭവങ്ങൾ കാണിക്കുന്നത് രാജസ്ഥാൻ സർക്കാരിന്റെയും പോലീസിന്റെയും കഴിവുകേടാണെന്ന് ബിജെപി ആരോപിച്ചു.
















Comments