ആലപ്പുഴ : പുന്നപ്രയിൽ നന്ദു എന്ന പത്തൊൻപതുകാരന്റെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഡിവൈഎഫ്‌ഐ എന്ന ആരോപണവുമായി കുടുംബം. ഡിവൈഎഫ്‌ഐ നേതാക്കളുടെ മർദ്ദനത്തെ തുടർന്നാണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തത് എന്ന് കുടുംബം ആരോപിച്ചു. നന്ദുവിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ14 ാം തീയതി വൈകീട്ടാണ് 19 കാരനായ നന്ദു ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നൽ ചാടിയാണ് ജീവനൊടുക്കിയത്. ഇതിന് തൊട്ട് മുൻപ് സഹോദരിയുമായി നന്ദു ഫോണിൽ സംസാരിച്ചിരുന്നു. ഡിവൈഫ്‌ഐക്കാരായ ഫൈസൽ, മുന്ന എന്നിവർ ചേർന്ന് തന്നെ മർദ്ദിച്ചു എന്നാണ് നന്ദു ഫോൺ സംഭാഷണത്തിൽ പറയുന്നത്. സഹോദരി വീട്ടിലേക്ക് വരാൻ പറഞ്ഞെങ്കിലും നന്ദു അത് കൂട്ടാക്കിയില്ല. ട്രെയിൻ വരുന്നു ബൈ എന്ന് പറഞ്ഞാണ് നന്ദു ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ കുറച്ച് നാളുകളാണ് പുന്നപ്രയിൽ അരാജക പ്രവർത്തനങ്ങൾ അരങ്ങേറുന്നുണ്ടെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. പ്രദേശത്തുള്ള യുവാക്കളെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ ക്രൂരമായി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. തങ്ങളുടെ പാർട്ടിയെയോ ആശയങ്ങളെയോ പിന്തുണയ്‌ക്കാത്തവരെയാണ് മർദ്ദനത്തിന് ഇരയാക്കുന്നത്. പോലീസും ഇതിന് കൂട്ടുനിൽക്കുന്നു എന്നും ആരോപണമുണ്ട്.
നന്ദുവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ കുറേയധികം ഉപദ്രവിച്ചു എന്നാണ് നന്ദുവിന്റെ സഹോദരി പറഞ്ഞത്. വീട്ടിൽ വന്ന് വെല്ലുവിളികൾ നടത്തി. നന്ദുവിനെയും മറ്റ് അഞ്ച് പേരെയും കൊല്ലുമെന്നായിരുന്നു ഭീഷണി. അവർ ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്നും അവർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സൈറസിനെതിയും ആരോപണങ്ങളുണ്ട്. നന്ദുവിന് ഇതല്ല ഇതിനപ്പുറം കിട്ടണമെന്ന് പ്രസിഡന്റ് വീട്ടിൽ വന്ന് പറഞ്ഞതായി സഹോദരി വ്യക്തമാക്കി. അതിന്റെ കാരണം തങ്ങൾക്ക് അറിയില്ല. നന്ദുവിനെ ഫൈസൽ, മുന്ന എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. നിധിൻ, കുട്ടച്ചൻ, സുമേഷ്, വിഷ്ണു, ഇക്രു എന്നിവർ ഗാംഗായി വീട്ടിലെത്തി കൊലവിളിയും നടത്തിയിരുന്നു. ഡിവൈഎഫ്‌ഐക്കാർ വാളുമായെത്തിയാണ് വെല്ലുവിളികൾ മുഴക്കിയത് എന്നും സഹോദരി കൂട്ടിച്ചേർത്തു.
നന്ദു അവസാനമായി വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോഴും കൂടെ മൂന്ന് പേർ ഉണ്ടായിരുന്നു എന്നാണ് സഹോദരി പറയുന്നത്. സഹോദരനെ ട്രെയിൻ ഇടിച്ചതിന് പിന്നാലെ അവർ പ്രദേശത്ത് നിന്നും കടന്നുകളഞ്ഞു. സീവാൾ ബോയ്‌സ് എന്ന ഡിവൈഎഫ്‌ഐയുടെ തലപ്പത്തിരിക്കുന്ന ആളുകളുടെ സംഘടനയുണ്ട്. അവർ മുഴുവൻ കഞ്ചാവാണ്. സോണിമോൻ എന്നയാളാണ് ഇതിനെല്ലാം കാരണമെന്നും സഹോദരി പറഞ്ഞു. അതിനിടെ നന്ദുവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
















Comments