പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷാജഹാനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ പാർട്ടി പശ്ചാത്തലം ഏറെ വിവാദമായിരിക്കുന്നതിനിടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രധാന പ്രതി രംഗത്ത്. താനുൾപ്പെടെയുള്ള പ്രതികൾ സിപിഎമ്മുകാരാണെന്ന് രണ്ടാം പ്രതി അനീഷാണ് വെളിപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്നും അനീഷ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലക്കാട് കോടതിയിൽ ഹാജരാക്കാൻ പോലീസ് പ്രതികളെ എത്തിച്ചപ്പോഴായിരുന്നു ഇവരിലൊരാളായ അനീഷിന്റെ പ്രതികരണം. പ്രതിയുടേത് ദൈർഘ്യമേറിയ പ്രതികരണമായിരുന്നില്ലെങ്കിലും വളരെ വ്യക്തതയോടെയാണ് അനീഷ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ‘ഞങ്ങൾ സിപിഎമ്മുകാർ തന്നെയാണ്’ എന്നായിരുന്നു അനീഷിന്റെ പ്രതികരണം. ഞങ്ങളിപ്പോഴും പാർട്ടിയിൽ തുടരുന്നവരാണെന്നും കമ്യൂണിസ്റ്റുകാരാണെന്നും അനീഷ് വീണ്ടും വ്യക്തമാക്കുകയും ചെയ്തു.
ഷാജഹാൻ വധക്കേസിൽ പ്രതികളുടെ സംഘടനാപശ്ചാത്തലം ഏറെ വിവാദമായിരുന്നു. പ്രതികൾ സിപിഎമ്മുകാർ ആണെന്ന് ആദ്യമേ വ്യക്തമായിരുന്നുവെങ്കിലും പിന്നീട് പ്രതികൾ ആർഎസ്എസ് ആണെന്ന് വരുത്തി തീർക്കാനാണ് പാർട്ടിയും പോലീസും ഉൾപ്പെടെ ശ്രമിച്ചത്. ഇതിന് ശേഷം പ്രതികളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചർച്ചയായപ്പോൾ പ്രതികൾ പഴയ സിപിഎമ്മുകാരാണെന്നും ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നുമുള്ള സിപിഎമ്മിന്റെ വാദം പോലീസും ഏറ്റെടുത്തു. ഇതിനിടെയാണ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ പ്രധാന പ്രതി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
Comments