സൂക്ഷ്മത, വേഗത, ക്ഷമാശീലം , ഒപ്പം ശിവാജിയുടെ സൈന്യത്തിൽ പ്രവർത്തിച്ച പാരമ്പര്യവും; പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഭാഗമാകാൻ മുധോൾ ഹൗണ്ട്‌സ്

Published by
Janam Web Desk

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ടീമിൽ ഇടം പിടിച്ച് കർണാടകയിലെ മുധോൾ നായ്‌ക്കൾ. മുധോൾ നഗരത്തിൽ നിന്നുള്ള വേട്ടനായ്‌ക്കളാണ് മുധോൾ നായ്‌ക്കൾ. പ്രധാനമന്ത്രിയുടെ എസ്പിജി സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തുന്ന ആദ്യ തദ്ദേശീയ ഇനത്തിൽ പെട്ട നായ്‌ക്കൾ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

മെലിഞ്ഞ് നീണ്ട ശരീര പ്രകൃതമുള്ള മുധോൾ നായ്‌ക്കൾ പ്രത്യേക സ്വഭാവക്കാരാണ്. വേട്ടയാടാനുള്ള കഴിവും നോട്ടത്തിന്റെ ഗാംഭീര്യവും കൊണ്ട് ഇവ അന്താരാഷ്‌ട്രതലത്തിൽ പ്രശസ്തി നേടിക്കഴിഞ്ഞു. 72 സെന്റീമീറ്റർ വളരുന്ന മുധോൾ നായ്‌ക്കൾക്ക് 20-20 കിലോ വരെ ഭാരമുണ്ടാകും. ഒട്ടും ക്ഷീണിക്കാതെ എത്ര ദൂരം വേണമെങ്കിലും ഓടാൻ സാധിക്കുമെന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത.

തിമ്മാപൂരിലുള്ള കനൈൻ റിസർച്ച് ആൻഡ് ഇൻഫർമേഷൻ സെന്ററിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് രണ്ട് മാസം പ്രായമുള്ള രണ്ട് നായ്‌ക്കുട്ടികളെ കൊണ്ടുപോയത്. രണ്ട് ഡോക്ടർമാരും സൈനികരും അടങ്ങുന്ന എസ്പിജി സംഘം ഇവയെ പരിശോധിച്ച ശേഷമാണ് കൊണ്ടുപോയത്. ഇവയ്‌ക്ക് പ്രത്യേക പരിശീലനവും ആരംഭിച്ചുകഴിഞ്ഞു.

രാജാക്കന്മാരുടെ കാലം മുതൽ ഇവയെ വേട്ടയ്‌ക്കായാണ് മുധോൾ നായ്‌ക്കളെ ഉപയോഗിച്ച് വരുന്നത്. സൂക്ഷ്മതയും, വേഗതയുമാണ് ഇവയെ മികച്ച വേട്ടക്കാരനാക്കുന്നത്. കർണാടകയുടെയും മഹാരാഷ്‌ട്രയുടെയും ചില ഭാഗങ്ങളിൽ കാണപ്പെടുന്ന മുധോൾ ഹൗണ്ട് എന്ന നായ രൂപത്തിനും നടത്ത ശൈലിക്കും ഏറെ പേരുകേട്ടതാണ്. പതിനേഴാം നൂറ്റാണ്ടിലെ മറാത്ത രാജാവായ ഛത്രപതി ശിവാജി മഹാരാജ് മുധോൾ നായ്‌ക്കളെ തന്റെ സൈന്യത്തിന്റെ ഭാഗമാക്കിയിരുന്നു.

കാരവൻ ഹൗണ്ടിൽനിന്ന് ഉരുത്തിരിച്ചെടുത്ത ഈ ഇനത്തെ മുധോളിലെ രാജാവ് മാലോജിറാവു ഘോർപ്പടേ തന്റെ ഇംഗ്ലണ്ട് സന്ദർശനവേളയിൽ ജോർജ് അഞ്ചാമൻ രാജാവിന് കാഴ്‌ച്ചവെച്ചതായി പറയപ്പെടുന്നു. അദ്ദേഹം അവയ്‌ക്ക്’ഹൗണ്ട്സ് ഓഫ് മുധോൾ” എന്നു പേരിട്ടതായും ചരിത്രത്തിലുണ്ട്.

Share
Leave a Comment