പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതിയാണ് ഹർജിയിൽ വിധി പറയുക. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്.
പ്രതികളായ മരയ്‌ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. ഇവർ നേരിട്ടും, ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കൂറ് മാറുന്നതിനായി ചിലർ 50 ലധികം തവണയാണ് സാക്ഷികളുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളത്. വിചാരണയ്‌ക്കിടെ ഇതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിൽ നൽകിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഹർജിയിൽ വാദം പൂർത്തിയായത്. വിധി വന്നതിന് ശേഷമേ ഇനി കേസിൽ വിചാരണ തുടരുകയുള്ളൂവെന്നായിരുന്നു വിചാരണ കോടതിയുടെ നിലപാട്.
ഇതുവരെ 20 ലധികം പേരുടെ വിചാരണയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതിൽ 13 പേർ വിചാരണയ്‌ക്കിടെ കൂറ് മാറിയിരുന്നു. വിചാരണാ വേളയിൽ രണ്ട് പേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. അതേസമയം മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.
Comments