കുടുംബത്തിൽ കളിചിരികൾ നിറയണമെങ്കിൽ കുഞ്ഞുങ്ങളും കൂടി വേണമെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാൽ മറിയം നബാൻസി എന്ന യുഗാണ്ടക്കാരിയുടെ വീട്ടിൽ കുട്ടികളുടെ ബഹളം മാത്രമേയുള്ളൂ. കാരണം കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അവരുടെ വീട്.
42 കാരിയായ അവർ ഇപ്പോൾ 44 കുഞ്ഞുങ്ങളുടെ അമ്മയാണ്. കണക്ക് അങ്ങോട്ട് ശരിയാവുന്നില്ലല്ലോ? ദത്തെടുത്തതാണോ?,വാടകഗർഭധാരണത്തിലൂടെയാണോ ഇത്രയധികം കുട്ടികളുടെ അമ്മയായത് എന്നെല്ലാം സംശയമുണ്ടാകും. എന്നാൽ ഈ 44 കുട്ടികളെയും മറിയം തന്നെ പ്രസവിച്ചതാണ്. ഹേ ഇതെങ്ങനെ സാധ്യമായി എന്നല്ലേ
13 ാം വയസിലാണ് മറിയം ആദ്യമായി അമ്മയാകുന്നത് അന്ന് അവർ മൂന്ന് കുട്ടികൾക്കാണ് ജന്മം നൽകിയത്. പിന്നീട് 36 വയസിനുള്ളിൽ 15 തവണ അമ്മയായി. ഓരോ പ്രസവത്തിലും രണ്ടും മൂന്നും നാലും വീതമാണ് കുട്ടികളുണ്ടായത്. അഞ്ച് തവണ നാല് വീതം കുഞ്ഞുങ്ങൾക്കും അഞ്ച് തവണ മൂന്ന് വീതം കുഞ്ഞുങ്ങൾക്കും നാല് തവണ ഇരട്ട കുഞ്ഞുങ്ങൾക്കും അവർ ജന്മം നൽകി. അവസാനത്തെ പ്രസവത്തിലാണ് അവർക്ക് ഒരു കുഞ്ഞ് മാത്രം ജനിച്ചത്.
ഇപ്പോൾ മുതിർന്ന കുട്ടികളിലൂടെ മറിയം മുത്തശ്ശിയാവാനും തുടങ്ങിയിരിക്കുന്നു. ഇത്രയേറെ കുഞ്ഞുങ്ങളുടെ അമ്മയായതിനാൽ മാമാ യുഗാണ്ട എന്നാണ് മറിയം അറിയപ്പെടുന്നത് തന്നെ.
ഇങ്ങനെ ഒറ്റപ്രസവത്തിൽ തന്നെ ഒന്നിലധികം കുട്ടികളുണ്ടാകാൻ കാരണം എന്താണന്നല്ലേ? ലോകത്ത് പ്രത്യുത്പാദന ശേഷി കൂടിയ വനിതകളിലൊരാളാണ് മറിയം. ഒരു സ്ത്രീയുടെ അണ്ഡോൽപ്പാദനവേളയിൽ സാധാരണയായി ഒരു അണ്ഡം മാത്രമേ ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. എന്നാൽ മറിയത്തിന് അത് രണ്ടും മൂന്നും നാലുമൊക്കെയാണ്.
ഇങ്ങനെ കുഞ്ഞുങ്ങളുടെ എണ്ണം കൂടിയപ്പോൾ വന്ധ്യംകരണത്തിനായി ആശുപത്രിയിൽ എത്തിയപ്പോൾ ആറുമാസത്തെ ആശുപത്രി വാസം വേണ്ടി വന്നെന്നും അതോടെ താൻ ആ ശ്രമം ഉപേക്ഷിച്ചെന്നും മറിയം പറയുന്നു. 18ാം വയസിൽ 18 കുട്ടികളുടെ അമ്മയായപ്പോൾ പ്രസവം നിർത്താൻ പോയപ്പോൾ അസാധാരണമായ രീതിയിൽ അണ്ഡോൽപ്പാദനം നടക്കുന്ന താൻ പ്രസവിച്ചില്ലെങ്കിൽ ട്യൂമറിന് കാരണമാകുമെന്ന് പറഞ്ഞു തിരിച്ചയച്ചെന്നും മറിയം പറയുന്നു.
ചെറുപ്പത്തിൽ അമ്മ ഉപേക്ഷിച്ച പോയ മറിയത്തിന്റെ പിന്നീടുള്ള ജീവിതം ദുഷ്‌കരമായിരുന്നു. രണ്ടാനമ്മ ഭക്ഷണത്തിൽ കുപ്പിച്ചില്ലുകൾ നൽകി സഹോദരങ്ങളെ കൊലപ്പെടുത്തി. തുടർന്ന് മറിയത്തെ 12 വയസുള്ളപ്പോൾ വിവാഹകമ്പോളത്തിൽ വിറ്റു. ഭർത്താവിന്റെ അഞ്ചാം ഭാര്യയായി എത്തിയ മറിയം 13 വയസുമുതൽ അമ്മയായി തുടങ്ങി. ഭർത്താവിന്റെ നിരന്തരമായ പീഡനം കാരണം മറിയം തന്റെ പിതാവിന്റെ സഹായം തേടിയെങ്കിലും വിവാഹത്തിന്റെ പേരിൽ മഹറായി വാങ്ങിയ പണം നൽകാനാവില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
പിന്നീട് മറിയത്തിന്റെ രണ്ടാനമ്മ ഭർത്താവുമായി ബന്ധം തുടങ്ങി. ഇതോടെ ഭർത്താവുമായുള്ള ബന്ധം അവസാനിക്കുകയായിരുന്നു. ഇന്ന് മൂത്ത മൂന്ന് മക്കൾക്ക് 25 വയസായി പ്രായം.അവരിലൂടെ മറിയം മുത്തശ്ശിയുമായി. മൂത്ത മക്കളിലൊരാൾ ഡോക്ടറും മറ്റൊരാൾ എഞ്ചിനീയറുമാണ്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നാണ് ആഗ്രഹമെന്ന് മറിയം പറഞ്ഞു.















