ലേ : ലഡാക്കിലെ മലമുകളിൽ ആരോഗ്യ പ്രശ്‌നം നേരിട്ട ഇസ്രായേൽ പൗരനെ ഇന്ത്യൻ വ്യോമ സേന രക്ഷപ്പെടുത്തി. ഇസ്രയേൽ പൗരനായ നോം ഗില്ലിനെയാണ് ശ്വാസ തടസ്സം അനുഭവപ്പെട്ടത് മൂലം വ്യോമസേന രക്ഷിച്ചത്.ശ്രീനഗർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് കേണൽ ഇമ്രോൺ മുസാവിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
വിംഗ് കമാൻഡർ ആശിഷ് കപൂർ, ഫ്‌ലൈറ്റ് ലെഫ്റ്റ്‌നന്റ് കുശാഗ്ര സിംഗ്, വിംഗ് കമാൻഡർ ബദിയാരി, സ്‌ക്വാഡ്രൺ ലീഡർ എസ് നാഗ്പാൽ എന്നിവരുടെ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇവർ വ്യോമസേനയുടെ 114 ഹെലികോപ്റ്റർ യൂണിറ്റിൽ നിമിഷങ്ങൾക്കുള്ളിൽ സുപ്രധാനമായ ഈ ദൗത്യത്തിനായി പുറപ്പെടുകയായിരുന്നു.
”രാവിലെ 10:40 നാണ് ഹെലികോപ്റ്റർ യൂണിറ്റിന് ഒരു സന്ദേശം ലഭിച്ചത്. മർഖ താഴ്വരയ്‌ക്ക് സമീപമുള്ള നിമാലിംഗ് ക്യാമ്പിൽ നിന്നായിരുന്നു സന്ദേശം. ഗില്ലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും ശ്വാസതടസം ഉണ്ടെന്നും ഓക്‌സിജൻ നില 68 ലേക്ക് താഴ്ന്നുവെന്നുമായിരുന്നു സന്ദേശമെന്ന് കേണൽ ഇമ്രോൺ മുസാവി പറഞ്ഞു.
45 മിനിറ്റ് കൊണ്ട് സേനയ്‌ക്ക് ഈ മേഖലയിൽ എത്താൻ സാധിച്ചു. ഏറ്റവും നിയന്ത്രിതമായ ഇടങ്ങളിലൊന്നിലാണ് ഫെലികോപ്റ്റർ ഇറക്കിയത്. അതീവ നിയന്ത്രിത മേഖലയായി കണക്കാക്കുന്ന പ്രദേശങ്ങളിൽ ഒന്നിലാണ് ഹെലികോപ്ടർ ഇറക്കിയതെന്നും സൈന്യം അറിയിച്ചു. ശക്തമായ കാറ്റും ലാൻഡിംഗ് ദുഷ്‌കരമാക്കിയിരുന്നു. പ്രതികൂല കാലാവസ്ഥ അതിജീവിച്ച് ഗില്ലിനെ സൈന്യം സുരക്ഷിതമായി ലേയിൽ എത്തിച്ചു.















