ന്യൂഡൽഹി :കണ്ണൂർ വിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസി ക്രിമിനലാണെന്നാണ് ഗവർണർ പറഞ്ഞത്. വിസി മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചുകഴിഞ്ഞു. വിസിക്കെതിരെ നിയമപരമായാണ് താൻ പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാരുടെ പിന്തുണയൊന്ന് കൊണ്ട് മാത്രമാണ് ഗോപിനാഥ് രവീന്ദ്രൻ ഇപ്പോഴും വിസി സ്ഥാനത്ത് ഇരിക്കുന്നത് എന്നും ഗവർണർ ആഞ്ഞടിച്ചു. ഡൽഹിയിൽ വെച്ച് തന്നെ ആക്രമിക്കാൻ കണ്ണൂർ വിസി ഗൂഢാലോചന നടത്തിയിരുന്നു. ഡൽഹിയിൽ വെച്ചാണ് ഈ ഗൂഢാലോചന നടന്നത്. രണ്ട് തവണ തന്നെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ഇക്കാര്യം പോലീസിനെ അറിയിക്കാൻ പോലും വിസി തയ്യാറായില്ല. റിപ്പോർട്ട് സമർപ്പിക്കാൻ രാജ് ഭവൻ ആവശ്യപ്പെട്ടപ്പോൾ പോലും അയാളത് ചെയ്തില്ലെന്നും ഗവർണർ വിമർശിച്ചു.
കണ്ണൂർ സർവ്വകലാശാലയെ ഗോപിനാഥ് രവീന്ദ്രൻ നശിപ്പിച്ചു. പ്രിയ വർഗീസിന്റേത് പോലെയുളള നിരവധി നിയമനങ്ങൾ വിസി നടത്തിയിട്ടുണ്ട്. അതെല്ലാം നിയമത്തിന് എതിരായിരുന്നു. അയാൾ ചാൻസലറെപ്പോലെയല്ല പാർട്ടി കേഡറിനെപ്പോലെയാണ് പ്രവർത്തിക്കുന്നത് എന്നും ഗവർണർ പറഞ്ഞു.
കണ്ണൂർ വിസിക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സർവ്വകലാശാലകളുടെ സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കങ്ങളാണ് താൻ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Comments