ബംഗളൂരു: പൃഥ്വിരാജ് -മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങി തിയേറ്ററുകൾ പൂരപറമ്പാക്കിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിറിന്റെ ടീസറുകൾക്ക് നേരെ ട്രോളുകൾ വ്യാപകം. ചിരഞ്ജീവിയുടെ ജന്മദിനമായ ഇന്നലെയാണ് ടീസർ പുറത്ത് വിട്ടത്. ബോളിവുഡ് നടൻ സൽമാൻ ഖാനും ടീസറിലെത്തിയെങ്കിലും അത്ര നല്ല പ്രതികരണമല്ല ടീസറിന് ലഭിക്കുന്നത്.
മോഹൻലാൽ തകർത്തഭിനയിച്ച സീനുകൾ അനുകരിക്കാൻ ശ്രമിച്ച ചിരഞ്ജീവി അമ്പേ പരാജയപ്പെട്ടുപോയിരിയിക്കുകയാണ്. മോഹൻലാൽ വളരെ മനോഹരമായി ആയി നടത്തിയ എൻട്രിയടക്കം തെലുങ്കിലേക്കെത്തുമ്പോൾ ആരോചകമായി തോന്നുന്നുണ്ടെന്നാണ് സിനിമാ ആസ്വാദകർ വിലയിരുത്തുന്നത്.
ടീസർ പുറത്തിറങ്ങിയതോടെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്, മെഴുകു പ്രതിമ പോലെ ഇരിക്കുന്ന സൽമാൻഖാൻ, അടുത്ത പരാജയചിത്രം, ഏത് നല്ല കാര്യത്തിനും വിലകുറഞ്ഞ അനുകരണം ഉണ്ടാകും എന്നൊക്കെയാണ് ട്രോളുകൾ നിറയുന്നത്.
തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നയൻതാരയാണ്. നടൻ സുനിലാണ് കലാഭവൻ ഷാജോണിന്റെ വേഷത്തിൽ എത്തുക. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ സൽമാൻ ഖാൻ എത്തുന്നു.















