ശ്രീനഗർ: ഏത് ഇന്ത്യൻ പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥയ്‌ക്കെതിരെ നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ പടയൊരുക്കം. കശ്മീരികൾ അല്ലാത്തവരെ സംസ്ഥാനത്ത് വോട്ടർമാരാക്കാനാണ് നീക്കമെന്നും ഇത് അംഗീകരിക്കില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുമെന്നും നാഷണൽ കോൺഫറൻസ് നേതാവ് കൂട്ടിച്ചേർത്തു.
കശ്മീരിന് അമിതാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെയാണ് ഇന്ത്യയിലെ ഏത് പൗരനും കശ്മീരിൽ വോട്ടറായി രജിസ്റ്റർ ചെയ്യാമെന്ന വ്യവസ്ഥ വന്നത്. നേരത്തെ പുറത്ത് നിന്നുളളവരെ സ്ഥിരതാമസക്കാർ അല്ലാത്തവർ(എൻപിആർ) എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ മറ്റുളളവർക്ക് വോട്ട് ചെയ്യാൻ അധികാരം ഉണ്ടായിരുന്നുളളൂ. കാലങ്ങളായി ഈ പഴുതുകൾ മുതലെടുത്തു കൊണ്ടാണ് കശ്മീരിലെ പ്രാദേശിക പാർട്ടികൾ നേട്ടം കൊയ്തുകൊണ്ടിരുന്നത്. പുതിയ വ്യവസ്ഥ വരുന്നതോടെ വോട്ട് വിഹിതം ഇടിയുമെന്ന ഭീതിയിലാണ് നാഷണൽ കോൺഫറൻസും പിഡിപിയും ഉൾപ്പെട്ട പാർട്ടികൾ.
ഈ സാഹചര്യത്തിലാണ് ഫാറൂഖ് അബ്ദുളള മുൻകൈയ്യെടുത്ത് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനുളള ലക്ഷ്യത്തോടെ നേതാക്കളുടെ യോഗം വിളിച്ചത്. സെപ്തംബറിൽ ദേശീയ പാർട്ടികളുടെ വിപുലമായ യോഗം വിളിക്കുമെന്നും നിലപാട് കൈക്കൊള്ളുമെന്നും ഇക്കാര്യത്തിൽ സർവ്വകക്ഷിയോഗം വിളിക്കാൻ ഗവർണറോട് അഭ്യർത്ഥിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പുതുക്കിയ വോട്ടർപട്ടികയിൽ കൂടുതൽ വോട്ടർമാർ ഉണ്ടാകുമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഹൃദേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുളള സമാനചിന്താഗതിക്കാരായ രാഷ്‌ട്രീയ കക്ഷികളുടെ യോഗം വിളിച്ചത്.
അതേസമയം ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് യോഗത്തിൽ പങ്കെടുത്തില്ല. സർക്കാർ തീരുമാനത്തിൽ കൂടുതൽ വ്യക്തത വേണമെന്നും പാർലമെന്റിന് മുൻപിൽ നിരാഹാരധർണ നടത്തുമെന്നും പാർട്ടി ചെയർമാൻ സജാദ് ഗാനി ലോൺ പറഞ്ഞു. പിഡിപി നേതാവ് മെഹബൂബ മുഫ്തി, ഒമർ അബ്ദുളള, വികാർ റസൂൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
















Comments