ന്യൂഡൽഹി: പുരുഷന്മാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും പുരുഷസമൂഹത്തിനെതിരെ കള്ളക്കേസുകൾ വർദ്ധിക്കുകയാണെന്നും ആരോപണം. ഇത് തടയാൻ ദേശീയതലത്തിൽ വനിതാ കമ്മീഷന് സമാനമായി പുരുഷ കമ്മീഷൻ സൃഷ്ടിക്കണമെന്ന ആവശ്യവുമായി സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ സജീവമാകുന്നു.
അടുത്തിടെയുണ്ടായ സംഭവങ്ങൾ നിരത്തിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്ക്ക് ചൂട് പിടിക്കുന്നത്. നോയിഡയിൽ കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരനെ അഭിഭാഷകയായ ഭാവ്യ റോയ് അകാരണമായി മർദ്ദിച്ച സംഭവം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സംഭവം പുരുഷന്മാരുടെ നേരെയുള്ള അതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായണ് പുരുഷ കമ്മീഷൻ വാദക്കാർ ഉയർത്തുന്നത്.
ഇതിന് മുൻപ് ഇ-റിക്ഷ ഡ്രൈവറെ അകാരണമായി 17 തവണ മുഖത്തടിച്ച സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മിസോറാം മുഖ്യമന്ത്രി സോറാംതാംഗയുടെ മകൾ ഡോക്ടറെ മർദ്ദിച്ച സംഭവവും വിവാദമായിരുന്നു. ഇതെല്ലാം നിരത്തിയാണ് പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.
സ്ത്രീയാണെന്ന ആനുകൂല്യം മുതലെടുത്താണ് പുരുഷന്മാർക്കെതിരെ അതിക്രമം നടക്കുന്നതെന്ന് പുരുഷ കമ്മീഷൻ വാദക്കാർ പറയുന്നു. ഇരയായത് സ്ത്രീയാണെങ്കിൽ സമൂഹം വലിയ രീതിയിൽ പ്രതികരിച്ചേനെയെന്നും പുരുഷ കമ്മീഷൻ വാദക്കാർ കുറ്റപ്പെടുത്തി. എന്തായാലും അടുത്തദിവസങ്ങളിൽ കൂടുതൽ ശക്തിയോടെ ക്യാമ്പയിൻ തുടർന്ന് സർക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് സംഘം.
Comments