ദുബായി: നഗരത്തിൽ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് സർവ്വീസ് നടത്തുന്ന ചെറു ബസ് സർവ്വീസായ ബസ് ഓൺ ഡിമാൻഡിന്റെ സർവ്വീസ് മെച്ചപ്പെടുത്താൻ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പുതിയ ഡിജിറ്റൽ സംവിധാനം പരീക്ഷിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ രണ്ട് മേഖലയിലാണ് പുതിയ സംവിധാനം പരീക്ഷിക്കുക.
ദുബായ് ഇൻറർനാഷണൽ സിറ്റി, ദുബായ് സിലിക്കൻ ഒയാസിസ് എന്നിവിടങ്ങളിൽനിന്ന് ജബൽഅലി ഫ്രീസോണിലേക്കും ഇൻറർനാഷനൽ സിറ്റിക്കും ജെ.എൽ.ടിയിലേക്കുമുള്ള സർവ്വീസുകൾ മെച്ചപ്പെടുത്താനാണ് അർകാബ് കമ്പനിയും ആർ.ടി.എയും കരാർ ഒപ്പുവെച്ചത്. ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ ഹാഷിം ബഹ്റൂസിയാൻ, അർകാബ് സി.ഇ.ഒ ബിലാൽ ഷബാൻദ്രി എന്നിവർ കരാറിൽ ഒപ്പുവെച്ചു. മൂന്നുമാസം നീളുന്ന പരീക്ഷണം വിജയകരമാണെങ്കിൽ 12 മേഖലകളിലേക്കുകൂടി ഇത് വ്യാപിപ്പിക്കും. ബസ് ഓൺ ഡിമാൻഡ് സർവ്വീസ് കൂടുതൽ ആവശ്യക്കാരിലേക്ക് എത്തിക്കാനും ഫലപ്രദമായ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനും ഇത്തരം ബസ് സർവ്വീസിന്റെ ചെലവ് കുറക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ദുബായ് ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് ചലഞ്ച് ജേതാക്കളായ കമ്പനിയാണ് അർകാബ്. വീട്ടിലേക്കും ജോലിസ്ഥലത്തേക്കും ദിവസവും യാത്രചെയ്യേണ്ടിവരുന്നവർക്കുള്ള സേവനം മെച്ചപ്പെടുത്തുന്ന അർകാബ് ട്രാവലർ എന്ന സംവിധാനവും വൈകാതെ നിലവിൽവരും.
Comments