തിരുവനന്തപുരം : കശ്മീരുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് കെടി ജലീൽ. തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101% വിശ്വസിക്കാം എന്നാണ് നിയമസഭയിൽ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജലീൽ പറഞ്ഞത്. മുൻ മന്ത്രി കെ കെ ശൈലജയ്ക്കുള്ള മറുപടി കൂടിയായിരുന്നു ഇത്.
കശ്മീർ വിസിറ്റുമായി ബന്ധപ്പെട്ട് ഒരു യാത്രാ കുറുപ്പ് എഴുതിയിരുന്നുവെന്ന് ജലീൽ പറഞ്ഞു. അതിൽ നടത്തിയ പരാമർശം ഉയർത്തിക്കാട്ടി തന്നെ രാജ്യദ്രോഹിയാക്കാനാണ് ചിലർ ശ്രമിച്ചത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ആസാദ് കശ്മീർ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും അത് ഇൻവേർട്ടഡ് കോമയ്ക്കുളളലാണ് ചേർത്തത് എന്നുമാണ് കെടി ജലീലിന്റെ വാദം. ഇത് കേരള ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകൻ, അഡ്വ ടി കൃഷ്ണനുണ്ണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മുഖപുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് ജലീൽ നിയമസഭയിൽ പറഞ്ഞു.
എന്നാൽ ഇത് ചൂണ്ടിക്കാട്ടി പലരും തന്നെ രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ചിലർ തനിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് വരെ എടുത്തുവെച്ചിട്ടുണ്ട്. ഈ സഭയിലെ ചില അംഗങ്ങളും അതിന് കൂട്ടുപിടിക്കുന്നുണ്ട്. തന്റെ പോസ്റ്റിൽ ഒരിടത്തും ഇന്ത്യൻ അധിനിവേശം എന്ന പദം താൻ ഉപയോഗിച്ചിട്ടില്ല എന്നാണ് ജലീലിന്റെ വാദം. വിവാദ പരാമർശങ്ങൾ താൻ പിൻവലിച്ചു. നാട്ടിൽ ഒരു വർഗീയ ധ്രുവീകരണം ഉണ്ടാകാൻ പാടില്ലെന്ന് ചിന്തിച്ചാണ് അത് ചെയ്തത്. എന്നിട്ടും തനിക്കെതിരെ ആക്രമണങ്ങൾ തുടർന്നു.
ഈ വേളയിൽ രാജ്യത്തിന് വേണ്ടി അതിർത്തിയിൽ യുദ്ധം ചെയ്ത അമ്മയുടെ പിതാവ് പാറയിൽ മുഹമ്മദിനെ താൻ ഓർക്കുന്നുവെന്ന് ജലീൽ പറഞ്ഞു. മിലിട്ടറിയിൽ നിന്ന് വിരമച്ച അദ്ദേഹത്തെ ഇന്ത്യ-പാക് യുദ്ധകാലത്ത് വീണ്ടും തിരിച്ചുവിളിച്ചു. തുടർന്ന് സേവനത്തിനായി എങ്ങോട്ടോ പോയി. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയാത്ത കാലത്താണ് തന്റെ മാതാവിന്റെ വിവാഹം നടന്നത്.
തന്റെ പിതാവിന്റെ പിതാവ് ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതിയായി പിടിക്കപ്പെട്ട് പന്ത്രണ്ട് കൊല്ലം ജയിലിലായിരുന്നെന്നും ജലീൽ പരഞ്ഞു. അത്തരമൊരു കുടുംബത്തിൽ നിന്ന് വരുന്നയാളെ രാജ്യദ്രോഹിയാക്കാൻ ശ്രമിച്ചവരോട് തനിക്ക് പരിഭവമില്ലെന്നും ജലീൽ നിയമസഭയിൽ പറഞ്ഞു.
Comments