പനാജി: ബിജെപി വനിതാ നേതാവ് സൊനാലി ഫൊഗോട്ടിന്റെ മരണത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് ഗോവ പോലീസ്. സൊനാലിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നടപടി. സൊനാലിയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ചയാണ് സൊനാലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. എന്നാൽ സൊനാലിയുടേത് കൊലപാതകമാണെന്നായിരുന്നു മരണത്തിന് പിന്നാലെ തന്നെ കുടുംബം ആരോപിച്ചത്. മരിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് സൊനാലി സഹോദരിയുമായി സംസാരിച്ചിരുന്നു. ഇതിനിടെ ഭക്ഷണത്തിൽ എന്തോ കലർന്നിരിക്കുന്നതായി സഹോദരിയോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. ഇതേ തുടർന്നാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചത്.
അതേസമയം സൊനാലിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. സൊനാലിയുടെ ശരീരത്തിൽ മുറിവേറ്റ നിരവധി പാടുകൾ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൊനാലിയുടെ മരണം സംബന്ധിച്ച് ദുരൂഹത ഉയർത്തുന്നതാണ് ശരീരത്തിലെ മുറിവുകൾ.
















Comments