നാഗാർജുന നായകനായി എത്തുന്ന ആക്ഷൻ ചിത്രമാണ് ‘ദ ഗോസ്റ്റ്’. പ്രവീൺ സട്ടരു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ദ ഗോസ്റ്റ്’ നാഗാർജുന ആരാധകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ഹോളിവുഡ് സ്റ്റൈലിലുള്ള ഒരു ആക്ഷൻ ത്രില്ലറാണെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു.
തന്റെ സഹോദരിയുടെയും മകളുടെയും ജീവൻ രക്ഷിക്കാൻ കൊടും കുറ്റവാളികളുമായി പോരാടുന്ന ശക്തനായ നായകനായാണ് ചിത്രത്തിൽ നാഗാർജുന. മലയാളി താരം അനിഖ സുരേന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ, സോനാൽ ചൗഹാൻ, ഗുൽ പനാഗ്, മനീഷ് ചൗധരി, രവി വർമ, ശ്രീകാന്ത് അയ്യങ്കാർ, വൈഷ്ണവി ഗനത്ര എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. ധർമേന്ദ്രയാണ് ഗോസ്റ്റിന്റെ എഡിറ്റിംഗ്. ചിത്രം ഓഗസ്റ്റ് 5-ന് റിലീസ് ചെയ്യും.
നാഗാർജുന നായകനാകുന്ന നൂറാമത്തെ ചിത്രത്തെപ്പറ്റിയും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന്റെ സംവിധായകൻ മോഹൻ രാജ നാഗാർജുനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രം ഉണ്ടാകുമെന്നും, സിനിമയിൽ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയും ഭാഗമാകുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതേസമയം, സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്തിരിക്കുന്ന ഏജന്റ് ആണ് അഖിൽ അക്കിനേനിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി മമ്മൂട്ടി എത്തിയതോടെ ഇന്ത്യയൊട്ടാകെ സിനിമ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
Comments