തങ്ങളുടെ ഏറ്റവും പുതിയ 125 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കി ബജാജ് ഓട്ടോ ലിമിറ്റഡ്. സിറ്റി125X എന്നാണ് വാഹനത്തിന് കമ്പനി പേര് നൽകിയിരിക്കുന്നത്. സിറ്റി 110 X-നോട് വളരെ സാമ്യമുള്ള സിറ്റി 125 X-ന് 71,354 രൂപയാണ് എക്‌സ്‌ഷോറൂം വില. മൂന്ന് ഡ്യുവൽ കളർ ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുക. കറുപ്പ്-നീല, കറുപ്പ്-ചുവപ്പ്, കറുപ്പ്-പച്ച എന്നിങ്ങനെയാണ് നിറങ്ങൾ. ഹീറോ സൂപ്പർ സ്‌പ്ലെഡർ, ഹോണ്ട ഷൈൻ, ടിവിഎസ് റേഡിയൻ എന്നിവ ആയിരിക്കും സിറ്റി125 X-ന്റെ എതിരാളികൾ.
ഹാലൊജൻ ബൾബോടു കൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിലാണ് സിറ്റി125 X വരുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് സ്ട്രിപ്പ് ഉപയോഗിച്ച് ഹെഡ്‌ലാമ്പിനെ മൂടുന്ന ഒരു ചെറിയ കൗൾ വാഹനത്തിനുണ്ട്. ഇന്ധന ടാങ്കിൽ ഗ്രാഫിക്‌സ് ഉൾപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, ടാങ്കിന്റെ വശങ്ങളിൽ ഗ്രിപ്പും നൽകിയിരിക്കുന്നു. യാത്ര ചെയ്യുന്നവർക്ക് കൈ പിടിക്കുന്നതിനായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ പിൻവശത്ത് ഭാരം താങ്ങാൻ കഴിയുന്ന ശക്തമായ ഒരു ഗ്രാബ് റെയിൽ നൽകിയിട്ടുണ്ട്.
സിംഗിൽപീസ് സീറ്റ് വളരെ നീളമുള്ളതാണ്. അതിനാൽ പിറകിൽ ഇരിക്കുന്നവർക്കും മതിയായ ഇടം വാഹനം വാഗ്ദാനം ചെയ്യുന്നു. ഒരുപാട് ബോഡി വർക്കുകൾ ഒന്നും വാഹനത്തിന് ചെയ്തിട്ടില്ല. ദൈനംദിന യാത്രക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബൈക്കാണിത്. യാത്രയ്‌ക്കിടെ ബൈക്ക് മറിയുകയാണെങ്കിൽ എഞ്ചിനെ സംരക്ഷിക്കുന്നതിനായി ഒരു ബെല്ലി പാൻ കമ്പനി വാഹനത്തിന് നൽകിയിരിക്കുന്നു. അപകടമുണ്ടായാൽ വാഹനമോടിക്കുന്ന വ്യക്തിയുടെ കാൽമുട്ടിന് സുരക്ഷ ഒരുക്കുന്നതിന് ക്രാഷ് ഗാർഡുകളും നൽകുന്നു.
ട്യൂബ്ലസ് ടയറുകൾ, ഫോർക്ക് ഗെയ്റ്റുകൾ, അലോയ് വീലുകൾ എന്നിവയും ബൈക്കിന് നൽകുന്നു. എയർ കൂൾഡ് 124.4 സിസി, സിംഗിൽ സിലിണ്ടർ, 4-സ്‌ട്രോക്ക് എൻജിനാണ് വാഹനത്തിന്. ബജാജിന്റെ DTS-i സാങ്കേതികവിദ്യയും ഒരു SOHC സജ്ജീകരണവും ലഭിക്കുന്നു. എഞ്ചിൻ 8,000 ആർപിഎമ്മിൽ 10.9 പിഎസ് പരമാവധി കരുത്തും 5,500 ആർപിഎമ്മിൽ 11 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കും. ഇത് 5-സ്പീഡ് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.
Comments