ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ ഗുലാം നബി ആസാദ് നിരത്തിയത് മുടന്തൻ ന്യായങ്ങളാണെന്ന് ദിഗ്‌വിജയ് സിംഗ് ആരോപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയവരുമായി ബന്ധം സ്ഥാപിച്ചാണ് രാജിയെന്ന് സംശയിക്കുന്നുവെന്നും ദിഗ്വിജയ സിംഗ് പറഞ്ഞു.
‘ഞാനും ഗുലാം നബി ആസാദും ഒരേ സമയത്താണ് രാഷ്‌ട്രീയത്തിൽ എത്തിയത്. ഞങ്ങൾ ഒരേ പ്രായക്കാരാണ്. മികച്ച ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. പക്ഷേ ഈ തീരുമാനത്തിൽ എനിക്ക് വേദനയുണ്ട്. 1977ലെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. അദ്ദേഹത്തിന് വലിയ ധനനഷ്ടം സംഭവിച്ചു. ജമ്മു കശ്മീരിൽ നിന്ന് വിജയിക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹത്തെ മഹാരാഷ്‌ട്രയിൽ നിന്ന് മത്സരിപ്പിച്ചു. അവിടെ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തി. രണ്ട് തവണ ലോക്‌സഭയിലേക്കും അഞ്ച് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അതായത് മുപ്പത് വർഷം. പാർട്ടി ഇത്ര നന്നായി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടും ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ താൻ അസ്വസ്ഥനാണെന്നും’ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം രാജി വച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്ത് നൽകിയാണ് ഗുലാം നബി ആസാദ് പാർട്ടി വിടുന്നത്. രാഹുൽ ഗാന്ധിക്കെതിരെയും നിലവിലെ പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. തിരിച്ചു പോകാനാകാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും ഇത് കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒൻപത് വർഷത്തിനിടെ നൽകിയ നിർദ്ദേശങ്ങളെല്ലാം ചവറ്റുകൊട്ടയിലാണ്. പാർട്ടിക്കായി ജീവൻ നൽകിയ മുഴുവൻ നേതാക്കളും അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Comments