തിരുവനന്തപുരം: ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജി വെച്ച വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ പി എസ് സി ചെയർമാനുമായ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചതുകൊണ്ട് മാത്രമല്ല കോൺഗ്രസ് തകരുന്നത്. കാൽ നൂറ്റാണ്ട് കാലം യാതൊരുവിധ മാറ്റവും ഇല്ലാതെ കോൺഗ്രസ് പ്രസിഡണ്ടായി വിരാജിക്കുന്ന സോണിയ ഗാന്ധിയുടെ കെടുകാര്യസ്ഥതയാണ് തകർച്ചയുടെ പ്രധാന കാരണമെന്ന് കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: സോണിയാ മെയ്നോ
സമ്പന്നയായിരുന്നില്ല; പക്ഷെ…
ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചതുകൊണ്ട് മാത്രമല്ല കോൺഗ്രസ് തകരുന്നത്. കാൽ നൂറ്റാണ്ട് കാലം യാതൊരുവിധ മാറ്റവും ഇല്ലാതെ കോൺഗ്രസ് പ്രസിഡണ്ടായി വിരാജിക്കുന്ന സോണിയ ഗാന്ധിയുടെ കെടുകാര്യസ്ഥതയാണ് തകർച്ചയുടെ പ്രധാന കാരണം. അലൻ ഒക്ടോവിയൻ ഹ്യൂം (4/6/1829-31/7/1912) എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടനയെ സോണിയ മെയ്നാ എന്ന ഇറ്റലിക്കാരിയാൽ നാശമടയണം എന്നത് ഒരുപക്ഷേ, അതിന്റെ ജാതകവിധിയായിരിക്കാം.
അലൻ ഒക്ടോവിയൻ ഹ്യൂം ഐസിഎസ് ഉദ്യോഗസ്ഥനായിരുന്നു. അതിലുപരി അദ്ദേഹം പക്ഷി നിരീക്ഷണ ശാസ്ത്രജ്ഞനും രാഷ്‌ട്രീയ പരിഷ്കരണ വാദിയുമായിരുന്നു. 1885 മദ്രാസിൽ ചേർന്ന ഇന്ത്യൻ തിയോസഫിക്കൻ സൊസൈറ്റിയുടെ സമ്മേളനത്തിനിടയ്‌ക്ക് 17 പേർ ഒന്നിച്ചു ചേർന്നാണ് സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്. അതിനെ തുടർന്ന് 1885 ഡിസംബർ 28 മുതൽ 31 വരെ ബോംബെയിൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനിച്ചത് ഭാഗ്യ മുഹൂർത്തത്തിൽ ആയിരുന്നു എന്നാണ് പൊതുവേ കോൺഗ്രസുകാർ വിശ്വസിച്ചിരുന്നത്.
ഈ സംഘടനയുടെ ആരംഭ ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യം ആയിരുന്നില്ല. ഇന്ത്യയുടെ ഭരണാധിപരായി ബ്രിട്ടീഷുകാർ തുടരണമെന്നും അവരായിരിക്കണം യജമാനരെന്നും ഉള്ള വിശ്വാസക്കാരനായിരുന്നു ഹ്യൂം. അക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞിട്ടും ഉണ്ട്. 1857ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം നേരിൽ കണ്ട ആളാണ് ഹ്യൂം. ഭാരതീയരിലെ കഠിനമായ അസംതൃപ്തി വീണ്ടും ഒരു പൊട്ടിത്തെറിയിൽ എത്തുമെന്ന് അദ്ദേഹം ഭയന്നിരുന്നു. ബ്രിട്ടീഷുകാരോട് പരാതി പറയുന്നതിനുള്ള ഒരു സംഘടന ഉണ്ടാക്കിയാൽ അതൊരു സുരക്ഷാ കവാടമായി പ്രവർത്തിക്കുമെന്നും ഹ്യൂം കരുതി. മഹാത്മാഗാന്ധി അരങ്ങിലെത്തുന്നത് വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതേ കാര്യമാണ് ചെയ്തിരുന്നത്.
ഗാന്ധിജിയാണ് കോൺഗ്രസിനെ ബഹുജനസമര സംഘടനയാക്കി വളർത്തിയെടുത്തത്. അതിന്റെ ഫലമായി നിവേദക സംഘമായിരുന്ന കോൺഗ്രസ് നിസ്സഹരണം, നിയമലംഘനം, നിർമ്മാണ പ്രവർത്തനം എന്നിവയിലൂടെ നിഷ്സകാസനത്തിലെത്തി. 1946ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ മുന്നോടിയായി ഇടക്കാല സർക്കാരും ഇന്ത്യയിൽ നിലവിൽ വന്നു. അതിനുശേഷം 9/12/1946 ലാണ് സോണിയാ മെയ്നോ ജനിക്കുന്നത്. ഇറ്റലിയിലെ സ്കൂളുകളിൽ 13 വയസ്സുവരെ പഠിച്ചു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. വിമാനത്തിലെ സഹായിയാകണം എന്നതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ഇംഗ്ലീഷ് പഠിക്കുന്നതിന് വേണ്ടിയാണ് കേംബ്രിഡ്ജ് സർവ്വകലാശാലയിലെ അപ്രശസ്തമായ ചെറിയ കോളേജിൽ അവർ ചേർന്നത്. സർവ്വകലാശാലയുടെ ഒരു ചായക്കടയിൽ ആഹാരം വിളമ്പുന്ന ജോലിയും അവർ ചെയ്തിരുന്നു. അതിനിടയിലാണ് രാജീവിനെ കാണുന്നതും പ്രണയിക്കുന്നതും വിവാഹിതയാകുന്നതും. ഇന്ത്യയിലെത്തിയിട്ടും 1983 വരെ അവർ ഇന്ത്യൻ പൗരത്വം സ്വീകരിച്ചിരുന്നില്ല.
ആ സോണിയ ഗാന്ധിയാണ് കിരീടം അണിയാത്ത രാജ്ഞിയായി, യുപിഎ ചെയർപേഴ്സൺ എന്ന പദവിയിലിരുന്നു കൊണ്ട് 6/5/2004 മുതൽ 25/5/2014 വരെ ഇന്ത്യ ഭരിച്ചത്. അവരുടെ സഹായിയായി മൻമോഹൻ സിംഗ് പ്രധാനമന്ത്രി പദത്തിൽ ഇരുന്നിരുന്നു എന്നതും നേര്. അവരുടെ മകൻ രാഹുൽ, മൻമോഹനെ അമ്മയുടെ ജോലിക്കാരനായിട്ടാണ് കരുതിയിരുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി അവതരിപ്പിച്ചതും കോൺഗ്രസുകാർ അനുമതി നൽകിയതും അഴിമതിക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതുമായ ഒരു ബില്ലിനെ പരസ്യമായി കീറിയെറിഞ്ഞുകൊണ്ട് പ്രധാനമന്ത്രിയേയും പാർട്ടിയേയും രാഹുൽ മോൻ അവഹേളിക്കുകയും ചെയ്തു. ഈ അവഹേളനത്തെ അനുമോദനമായിട്ടാണ് സോണിയയും മൻമോഹനും മാത്രമല്ല എ കെ ആന്റണിയും കരുതിയത്.
നില തെറ്റിയ രാഷ്‌ട്രീയക്കാരൻ എന്ന ബഹുമതി അതോടെ രാഹുലിന് കൈവന്നു. രാഹുലിന് അത്ഭുതങ്ങൾ കാണിക്കാൻ കഴിയും എന്ന് തന്നെയാണ് കോൺഗ്രസ് നേതാക്കൾ കരുതിയത്. കാരണം, നെഹ്റു കുടുംബത്തിന്റെ വംശമഹിമയിൽ അത്രയ്‌ക്ക് വിശ്വാസമുണ്ടായിരുന്നു, അവർക്ക്.
നെഹ്റു വംശ സ്ഥാപകൻ മോത്തിലാലാണ്. താൻ അടിത്തറയിട്ട വംശത്തിന്റെ മേൽകൂര പണിയാൻ തന്റെ മകനായ ജവഹരിലാലിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി താൻ പണം മുടക്കുന്നത് തന്റെ മകനെ അതിന്റെ നേതാവ് ആക്കുന്നതിന് വേണ്ടിയാണെന്നു ഗാന്ധിയോട് തന്നെ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അതുവേഗമാക്കണം എന്നു പറഞ്ഞു ഗാന്ധിയിൽ അദ്ദേഹം സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ജവഹരിലാൽ എ ഐ സി സി പ്രസിഡൻണ്ടായതും വളഞ്ഞ വഴിയിലൂടെ ആയിരുന്നു. ഇന്ദിരാ പ്രിയദർശനിയെ നേതാവാക്കിയതും ഇതേ മാർഗത്തിലൂടെ. ഇന്ദിര മക്കളെ കൊണ്ടുവന്നതും ഇതേ പാതയിലൂടെ. നഹർ നദിയുടെ തീരത്ത് താമസമാക്കിയ ഗംഗാറാം ക്വത്വാൾ എന്ന പോലീസുകാരന്റെ മകനായ മോത്തിലാലിന്റെ വംശ പരമ്പര ഇന്ന് ആറാം തലമുറയിൽ എത്തിയിരിക്കുന്നു.
ആറാം തലമുറക്കാരന് രാഷ്‌ട്രീയം വിശ്രമകാല വിനോദം മാത്രമാണ്. ആ മാന്യന്റെ അവഹേളനത്തിന് കെ സി വേണുഗോപാലും ടി എൻ പ്രതാപനും ഒഴികെ എല്ലാവരും ശരവ്യരായിട്ടുണ്ട്. ആ കൂട്ടത്തിൽ ആസാദും ആന്റണിയും ഉണ്ടായിരുന്നു. അവരെല്ലാം അത് സഹിക്കുകയാണ്. സഹികെട്ടപ്പോഴാണ് ഗുലാം നബി വഴി മാറിയത്. ആരുമാറിയാലും ജയറാം രമേഷ് ഉടൻ മാറില്ല. കാരണം, അദ്ദേഹം സെക്യുലർ സോഷ്യലിസ്റ്റ് പരിസ്ഥിതിവാദ ബുദ്ധിജീവിയാണ്.
ഒരു വിദേശി, വിദേശീയരായ ഭരണക്കാർക്ക് വേണ്ടി തുടങ്ങിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഒരു ഇറ്റാലിയന്‍ വനിത ആർക്കോ വേണ്ടി നശിപ്പിക്കുന്നു. സോണിയാ മെയ്നോ സമ്പന്നയായിരുന്നില്ല. രണ്ട് സഹോദരിമാർ അവർക്കുണ്ട്. അവരുടെ ഇപ്പോഴത്തെ ആസ്തി എത്രയെന്ന് അറിയുന്നത് നന്നായിരിക്കും. (ഡോ. കെ. എസ്. രാധാകൃഷ്ണൻ )
Comments