ന്യൂഡൽഹി: മുഖ്യമന്ത്രി ഒപ്പിടാത്തതിനാൽ അന്തിമ അനുമതി നൽകാതെ 47 ഫയലുകൾ തിരിച്ചയച്ച് ഡൽഹി ലഫ്റ്റ്നൻ്റ് ഗവർണർ വി കെ സക്സേന. ഫയലുകളിൽ മുഖ്യമന്ത്രിക്ക് പകരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഒപ്പ് വെച്ചിരുന്നത്. ഇത് സ്വീകാര്യമല്ലെന്നും, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തന്നെ ഒപ്പിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലഫ്റ്റ്നൻ്റ് ഗവർണർ ഫയലുകൾ മടക്കിയത്.
വിദ്യാഭ്യാസ വകുപ്പ്, വഖഫ് ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളും ഒപ്പിടാതെ മടക്കിയവയിൽ ഉൾപ്പെടുന്നു. അനുമതിയ്‌ക്കായി അയയ്‌ക്കുന്ന ഫയലുകളിൽ മുഖ്യമന്ത്രി തന്നെ ഒപ്പ് വെക്കണമെന്ന് കാട്ടി ലഫ്റ്റ്നൻ്റ് ഗവർണർ നേരത്തേ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരുന്നു. കെജ്രിവാൾ ഈ വിഷയത്തിൽ നിഷേധാത്മക നിലപാട് തുടർന്നതോടെയാണ് ലഫ്റ്റ്നൻ്റ് ഗവർണർ ഫയലുകൾ മടക്കിയത്.
ഭരണ നിർവ്വഹണം ഫലപ്രദവും ക്രിയാത്മകവുമാക്കുന്നതിന് ഫയലുകളിൽ മുഖ്യമന്ത്രിയുടെ ഒപ്പ് അനിവാര്യമാണെന്ന് ലഫ്റ്റ്നൻ്റ് ഗവർണർ വി കെ സക്സേന വ്യക്തമാക്കി. ഫയലുകൾ കാര്യക്ഷമമായി നീങ്ങുന്നതിന് ഇ-ഓഫീസ് സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നും ഡൽഹി ലഫ്റ്റ്നൻ്റ് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments