ന്യൂഡൽഹി; രാഹുൽ ഗാന്ധി തന്നെ കോൺഗ്രസിന്റെ പ്രസിഡന്റാകണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. രാഹുലിന് മാത്രമേ കോൺഗ്രസിനെ ഉയർത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ തീയതി തീരുമാനിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഭൂരിപക്ഷം പാർട്ടി അംഗങ്ങളുടെയും അഭിപ്രായം ഇതായിരിക്കുമെന്ന് കരുതുന്നു. അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇപ്പോൾ വ്യക്തത വന്നുവെന്നും ഖാർഗെ പറഞ്ഞു. പാർട്ടിയെ ഐക്യപ്പെടുത്താനും ശക്തിപ്പെടുത്താനും രാഹുലിന് മാത്രമേ കഴിയൂ. ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ ആളുകളെ സംഘടിപ്പിക്കാനും രാഹുലിന് മാത്രമേ സാധിക്കൂവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും രാഹുൽ തന്നെ പാർട്ടി അദ്ധ്യക്ഷനാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബർ 17 ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്താൻ പാർട്ടി തീരുമാനിച്ചിരുന്നു. 19 ന് ഫലം പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്തംബർ 22 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 24 മുതൽ 30 വരെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം.
കോൺഗ്രസ് പ്രവർത്തക സമിതിയാണ് തിരഞ്ഞെടുപ്പിന്റെ തീയതികളും നടപടിക്രമങ്ങളും തീരുമാനിച്ചത്. രാഹുൽ അദ്ധ്യക്ഷനാകുന്നതിനെക്കുറിച്ചുളള ചർച്ചകൾ സമിതിയിൽ നടന്നോയെന്ന ചോദ്യത്തിന് ഇത് സുതാര്യമായ തിരഞ്ഞെടുപ്പാണെന്നും ആർക്ക് വേണമെങ്കിലും നാമനിർദ്ദേശ പത്രിക നൽകാമെന്നുമായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.
Comments