ലഖ്നൗ: നോയിഡയിലെ ഇരട്ട ടവറുകൾ പൊളിക്കേണ്ടി വന്ന വിഷയത്തിൽ മുൻ സമാജ് വാദി പാർട്ടി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കെട്ടിടങ്ങൾക്ക് അനുമതി നൽകിയത് സമാജ് വാദി പാർട്ടി സർക്കാരിന്റെ കാലത്തായിരുന്നു. ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേർന്ന് കെട്ടിപ്പൊക്കിയ അഴിമതിയുടെ സ്തംഭങ്ങൾ ഇനിയും രാജ്യമെമ്പാടും തകർന്ന് വീഴുമെന്ന് ബിജെപി ഉത്തർ പ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി വ്യക്തമാക്കി.
ഇത്തരം നിയമവിരുദ്ധ നിർമ്മിതികൾക്ക് അഖിലേഷ് യാദവും ഉദ്യോഗസ്ഥരും ഒരേ പോലെ മറുപടി പറയണം. സമാനമായ രീതിയിൽ അനധികൃതമായി കെട്ടി ഉയർത്തിയ സമ്പത്തിന്റെയും അധികാരത്തിന്റെയും കുടുംബവാഴ്ചയുടെയും സ്തംഭങ്ങൾ രാജ്യമെമ്പാടും ഇനിയും പൊളിഞ്ഞ് വീഴും. അനധികൃത നിർമ്മിതികൾക്കെതിരെ ശക്തമായ നടപടികൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇനിയും കൈക്കൊള്ളുമെന്ന് ഭൂപേന്ദ്ര ചൗധരി കൂട്ടിച്ചേർത്തു.
ആധികൃതമായ ഒന്നും തന്നെ രാജ്യത്ത് ഉണ്ടാകാൻ പാടില്ല എന്നത് പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും നയമാണ്. നിയമലംഘനങ്ങളെ നിലംപരിശാക്കി ബാബയുടെ ബുൾഡോസറുകൾ ഇനിയും ഉരുളും. മാഫിയകളെ ഒരു കാരണവശാലും വളരാൻ അനുവദിക്കില്ല. ഈ വിഷയത്തിൽ കോടതി ഉത്തരവുകൾ അക്ഷരംപ്രതി അനുസരിക്കപ്പെടുമെന്നും ബിജെപി ഉത്തർ പ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി പറഞ്ഞു.
Comments