തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണൻ ഇന്ന് ചികിത്സയ്‌ക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സ നടക്കും. വിദഗ്ധ ചികിത്സ തുടരാൻ വേണ്ടിയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോടിയേരിയെ കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചിരുന്നു. തുടർന്ന് ഇന്നലെ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ കോടിയേരി സ്ഥാനമൊഴിയുകയായിരുന്നു. ആ സ്ഥാനത്തേക്ക് മന്ത്രി എംവി ഗോവിന്ദനെ തിരഞ്ഞെടുക്കുകയുമുണ്ടായി.
കോടിയേരി മികച്ച സഖാവാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞത്. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ അദ്ദേഹം ഓടി നടന്നു. അതിനാൽ കോടിയേരിയുടെ ആരോഗ്യമാണ് ഇപ്പോൾ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടിയേരിയെ സെക്രട്ടറിയായി നിലനിർത്താൻ അവസാനം വരെ ശ്രമം നടത്തിയിരുന്നു. നേതാക്കൾ വീട്ടിലെത്തി അവധി എടുക്കാൻ പറയുകയുമുണ്ടായി. എന്നാൽ സർക്കാർ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ സെക്രട്ടറിയെ മാറ്റണമെന്ന് കോടിയേരി നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്. മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം.
അതേസമയം കോടിയേരിക്ക് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കണമെന്ന് ആശംസിച്ചുകൊണ്ട് നിരവധി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
















Comments