ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ വീണ്ടും മുന്നേറി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ലൂയി വിറ്റൺ ചെയർമാൻ ബെർണാഡ് അർനോൾട്ടിനെ കടത്തിവെട്ടിക്കൊണ്ട് ഗൗതം അദാനി മൂന്നാം സ്ഥാനം നേടി. 137.4 ബില്യൺ യുഎസ് ഡോളറാണ് അറുപതുകാരനായ അദാനിയുടെ മൊത്തം ആസ്തി. ബ്ലൂംസ്ബർഗാണ് ഈ പട്ടിക പുറത്തുവിട്ടത്.
ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിനും ആമസോൺ മേധാവി ജെഫ് ബെസോസിനും തൊട്ടുപിന്നിലാണ് ഗൗതം അദാനി. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. റിലയൻസ് മേധാവി മുകേഷ് അംബാനി 91.9 ബില്യൺ യുഎസ് ഡോളറുമായി പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്.
കഴിഞ്ഞ മാസം ബിൽ ഗേറ്റ്‌സിനെ പിന്തള്ളിക്കൊണ്ട് ഗൗതം അദാനി ലോകത്തിലെ നാലാമത്തെ ധനികനായ വ്യക്തിയായിരുന്നു. 60.9 ബില്യൺ ഡോളർ ആണ് 2022 ൽ മാത്രം അദാനി തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്.
കഴിഞ്ഞ അഞ്ച് വർഷമായി, മുൻനിരയിൽ നിൽക്കുന്ന അദാനി എന്റർപ്രൈസസ് വിമാനത്താവളങ്ങൾ, സിമന്റ്, കോപ്പർ റിഫൈനിംഗ്, ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ, പെട്രോകെമിക്കൽ റിഫൈനിംഗ്, റോഡുകൾ, സോളാർ സെൽ നിർമ്മാണം എന്നിവ ഉൾപ്പെടുന്ന പുതിയ മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കമ്പനി മുന്നിലെത്തി നിൽക്കുന്നത് എന്നാണ് വിവരം.
Comments