തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പദ്ധതി നിർത്തിവെക്കില്ല എന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. എല്ലാ പഠനവും പൂർത്തിയാക്കിയാണ് കരാറിൽ ഏർപ്പെട്ടതെന്നും, തീരശോഷണം സംബന്ധിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെയുള്ള സമരത്തിന്റെ പേരിൽ ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാകാൻ ശ്രമിക്കുകയാണ്. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം സംഘർഷങ്ങൾ. ഇത് അംഗീകരിക്കാൻ സാധിക്കില്ല. തുറമുഖ നിർമ്മാണം നിർത്തി വെയ്ക്കണമെന്ന ആവശ്യം ഒഴിച്ച് ബാക്കി എല്ലാ ആവശ്യങ്ങളും അനുഭാവപൂർവ്വം പരിഗണിക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം ഒരു സുപ്രധാന പദ്ധതിയാണ്. എല്ലാ പഠനവും പൂർത്തിയാക്കിയാണ് കരാറിൽ ഏർപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസിയാണ് പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല. പദ്ധതി ആരംഭിക്കുന്നതിന് മുമ്പും ഈ പ്രദേശങ്ങളിൽ കടൽക്ഷോഭവും തീരശോഷണവും ഉണ്ടായിരുന്നതായി പഠന റിപ്പോർട്ടും ഉണ്ട്. അതിനാൽ തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി തീരശോഷണമുണ്ടാകുന്നു എന്ന വാദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments