കഴിഞ്ഞ വർഷമാണ് മഹീന്ദ്ര തങ്ങളുടെ പുതിയ ട്വിൻ പീക്ക് ലോഗോ വാഹനപ്രേമികൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. XUV700-നാണ് ആദ്യമായി തങ്ങളുടെ പുതിയ ട്വിൻ പീക്ക് ലോഗോ മഹീന്ദ്ര നൽകിയത്. ഇതിന് പിന്നാലെ അടുത്തിടെ പുറത്തിറക്കിയ സ്കോർപിയോ-എൻ, ഉടൻ വിപണിയിലെത്തുന്ന XUV300 എന്നീ വാഹനങ്ങളിലും പുതിയ ലോഗോ കാണാം. ഇപ്പോളിതാ മഹീന്ദ്ര ബൊലേറോയ്ക്കും തങ്ങളുടെ പുതിയ ട്വിൻ പീക്ക് ലോഗോ ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം ഡീലർ സ്റ്റോക്ക് യാർഡിൽ കണ്ട മഹീന്ദ്ര ബൊലേറോയിൽ ട്വിൻ പീക്ക് ലോഗോ ദൃശ്യമായി. വാഹനത്തിന്റെ ഫ്രണ്ട് ഗ്രില്ലിലും ടെയിൽഗേറ്റിലും സ്റ്റിയറിംഗ് വീലിലുമാണ് ലോഗോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.15 ഇഞ്ച് ടയറിന്റെ അലോയ് വീലുകളിലും പുതിയ ലോഗോ നൽകും. ഇതല്ലാതെ വാഹനത്തിന്റെ രൂപത്തിൽ പുതിയ മാറ്റങ്ങളൊന്നും മഹീന്ദ്ര ബൊലേറോയിൽ വരുത്തിയിട്ടില്ല. മെറ്റൽ ബമ്പറുകളുള്ള അതേ സിഗ്നേച്ചർ ബോക്സിയും ഉയരമുള്ള സ്റ്റാൻസും ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പുകൾ, ലംബമായി അടുക്കിവെച്ചിരിക്കുന്ന ടെയിൽ ലാമ്പുകൾ എന്നിവ അതേപടി വാഹനം നിൽനിർത്തിയിട്ടുണ്ട്.
ഏഴ് സീറ്റുകളുള്ള ലേഔട്ട് ലഭിക്കുന്നതോടൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ലോക്കിംഗ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ തുടങ്ങിയവയും മഹീന്ദ്ര ബൊലേറോയിൽ ഉണ്ട്. 75 ബിഎച്ച്പി കരുത്തും 210 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് വാഹനത്തിന് തുടരുന്നത്. അതേസമയം, അടുത്ത തലമുറ മഹീന്ദ്ര ബൊലേറോ 6, 7, 9 എന്നിങ്ങനെ ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകളുമായി വരാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി തുടങ്ങിയ ആധുനിക സവിശേഷതകൾ ടോപ്പ്-സ്പെക്ക് മോഡലിന് ലഭിക്കുമെന്ന് വിലയിരുത്തുന്നു.
Comments