കൊച്ചി : കനത്ത മഴയെത്തുടർന്ന് നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതോടെ കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ചൊവ്വാഴ്ച മാത്രം 97,317 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. പ്രത്യേക ഓഫറുകളൊന്നും ഇല്ലാതെ ഇത്രയധികം ആളുകൾ മെട്രോയിൽ യാത്ര ചെയ്യുന്നത് ഇത് ആദ്യമായിട്ടാണ്.
കനത്ത മഴയിൽ നഗരത്തിലെ ഗതാഗതം നിശ്ചലമായിരുന്നു. വാഹനം ഒന്ന് അനക്കാൻ പോലും സാധിക്കാതെ നിരവധി പേരാണ് നടുറോഡിൽ കിടന്നത്. ഇതോടെ ആളുകൾ മെട്രൊയെ ആശ്രയിക്കുകയായിരുന്നു. സാധാരണയായി പ്രതിദിനം 65,000 പേരാണ് മെട്രോയിൽ യാത്ര ചെയ്യാറുളളത്. പ്രത്യേക ഓഫർ ഉള്ള ദിവസങ്ങളിൽ ഇത് വർദ്ധിക്കും. എന്നാൽ ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ആളുകൾ മെട്രോയിലെത്തി.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും മെട്രോയിൽ കയറിയാണ് ഹൈക്കോടതിയിൽ എത്തിയത്. ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഭാഗത്ത് എത്തിയപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഔദ്യോഗിക വാഹനം ഗതാഗതക്കുരുക്കിൽ പെട്ടത്. ഇതോടെ അദ്ദേഹം മെട്രോയിൽ കയറി. ഗൺമാനും ഡ്രൈവറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
എംജി റോഡ് സ്‌റ്റേഷനിൽ ഇറങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും അവിടെ വെള്ളക്കെട്ട് ആയതിനാൽ മഹാരാജാസ് കോളേജ് ജംഗ്ഷനിൽ ഇറങ്ങി. അവിടെ നിന്നും ഔദ്യോഗിക വാഹനത്തിൽ തന്നെയാണ് അദ്ദേഹം യാത്ര ചെയ്തത്.
മഴയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമെല്ലാം ജനങ്ങളെ മെട്രോയിലേക്ക് ആകർഷിച്ചതോടെ ഒരു ദിവസം കൊണ്ട് കൊച്ചി മെട്രോ ലാഭം കൊയ്തു.
Comments