പത്തനംതിട്ട: പത്തനംതിട്ടയിൽ റവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുളള റവന്യൂ റിക്കവറി വിഭാഗത്തിൽ ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസം. തുടർച്ചാനുമതിയില്ലെന്ന പേരിലാണ് ഓഫീസിലെ 21 സർക്കാർ ജീവനക്കാർക്കും ശമ്പളം നിഷേധിച്ചിരിക്കുന്നത്. ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. ഇതിന് പിന്നാലെ ആഗസ്തിലെയും ശമ്പളം മുടങ്ങുമെന്നാണ് വിവരം. ഇതോടെ ജീവനക്കാർ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചിരിക്കുകയാണ്.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലാണ് റവന്യൂ റിക്കവറി ഓഫീസ് പ്രവർത്തിക്കുന്നത്. റവന്യൂ ഡിപ്പാർട്ട്‌മെന്റിന് കീഴിലുളള ഇത്തരം ഓഫീസുകൾക്ക് സർക്കാർ താൽക്കാലികമായിട്ടാണ് അനുമതി നൽകുന്നത്. പിന്നീട് ഇത് ഓരോ വർഷവും പുതുക്കി നൽകും. ഇതാണ് രീതി. ഈ ഓഫീസിന്റെ അനുമതി ജൂണിൽ അവസാനിച്ചിരുന്നു. തുടർച്ചാനുമതിക്കുള്ള രേഖകളും ഫയലുകളും പത്തനംതിട്ട ഓഫീസിൽ നിന്നും നൽകിയെങ്കിലും തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. വനിതാ ജീവനക്കാർ ഉൾപ്പെടെ രണ്ട് മാസമായി ശമ്പളം ഇല്ലാത്ത അവസ്ഥയിലാണ്.
തിരുവനന്തപുരത്ത് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് ഓഫീസിൽ ഫയലുകൾ കൈകാര്യം ചെയ്തിരുന്ന സീറ്റിലെ ഉദ്യോഗസ്ഥ അവധിയിലാണെന്നാണ് ജീവനക്കാർ അന്വേഷിച്ചപ്പോൾ അറിഞ്ഞ വിവരം. പകരം ഉദ്യോഗസ്ഥൻ വന്നെങ്കിലും അനുമതിയുടെ കാര്യത്തിൽ തീരുമാനമായില്ല. ഫലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണ ആനുകൂല്യങ്ങളും ഈ ജീവനക്കാർക്ക് ലഭിക്കില്ല. 4000 രൂപ ബോണസും 2750 രൂപ ഉത്സവ അലവൻസും
ഓണം അഡ്വാൻസായി 20,000 രൂപ വരെയുമാണ് ജീവനക്കാർക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണം ബോണസും അഡ്വാൻസും ആയതുകൊണ്ടു തന്നെ പിന്നീട് ഇത് ലഭിക്കാനും ഇടയില്ല.
മറ്റ് പല ജില്ലകളിലെയും ഓഫീസുകളിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇവിടങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതായാണ് വിവരം. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചാണ് ശമ്പള തുക പാസാക്കിയെടുക്കുന്നത്. ഈ ഓഫീസ് ജീവനക്കാരുടെ ബില്ലുകൾ ഇതുവരെ നൽകിയിട്ടില്ല.
സർക്കാരിന് ഫണ്ടില്ലാത്തതിന്റെ പേരിൽ കെഎസ്ആർടിസി ഉൾപ്പെടെയുളള സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥ വീഴ്ചയെ തുടർന്ന് മറ്റൊരു വിഭാഗം ജീവനക്കാരും ഓണപ്പട്ടിണിയിലാകുന്നത്. വകുപ്പ് മന്ത്രി ഇടപെടണമെന്നും മുടങ്ങിയ ശമ്പളവും ഓണത്തിന്റെ ആനുകൂല്യങ്ങളും അനുവദിക്കാൻ നടപടിയെടുക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
















Comments