ആർട്ടിമിസ് വിക്ഷേപണം ശനിയാഴ്ച; പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് നാസ

Published by
Janam Web Desk

ന്യൂയോർക്ക്: സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് മുടങ്ങിയ ആർട്ടിമിസ് ആദ്യ ദൗത്യത്തിന്റെ വിക്ഷേപണം ശനിയാഴ്ച നടക്കും. റോക്കറ്റിന്റെ 4 കോർ സ്‌റ്റേജ് എഞ്ചിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അവസനാനിമിഷം ദൗത്യം മാറ്റിവച്ചത്. അൻപത് വർഷങ്ങൾക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ എത്തിക്കുന്ന ദൗത്യമാണിത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടത്താനായിരുന്നു തീരുമാനം. വിക്ഷേപണത്തിന് മുന്നോടിയായി എല്ലാ എഞ്ചിനുകളേയും താഴ്ന്ന താപനിലയിലേക്ക് എത്തിക്കേണ്ടതുണ്ട്. എന്നാൽ ഒരു എഞ്ചിനിൽ മാത്രം ഇത് സാധിച്ചില്ല. നിലവിൽ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചുവെന്നും വിക്ഷേപണം ശനിയാഴ്ച നടത്തുമെന്നും നാസ വ്യക്തമാക്കി.

പരീക്ഷണദൗത്യമായതിനാൽ തന്നെ ഈ യാത്രയിൽ മനുഷ്യ യാത്രികർ ഉണ്ടാകില്ല. നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകമാണിത്. മൂന്ന് ഡമ്മികളാകും യാത്രക്കാരുടെ സ്ഥാനത്ത് ഉണ്ടാവുക. കാംപോസ്, ഹെൽഗ, സോഹാർ എന്നാണ് ഇവയുടെ പേരുകൾ. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകളിൽ നിന്നുള്ള സിഗ്‌നലുകളിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ 2760 ഡിഗ്രി സെൽഷ്യസ് ചൂട് അതിജീവിക്കണം. മറ്റ് സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കണം. ഇതിൽ പിഴവ് സംഭവിച്ചാൽ അടുത്ത ദൗത്യങ്ങൾ വീണ്ടും നീട്ടി വയ്‌ക്കും.

ഇത് വിജയിക്കുകയാണെങ്കിൽ മാത്രമേ മനുഷ്യരെ അയക്കുകയുള്ളു എന്നാണ് തീരുമാനം. ഈ ദൗത്യം വിജയിച്ചാൽ അടുത്ത ഘട്ടം 2024ലേക്കാണ് തീരുമാനിച്ചിരിക്കുന്നത്. 2024ൽ ചന്ദ്രന് ചുറ്റും യാത്രികർ ഭ്രമണം ചെയ്യും. 2025ൽ അടുത്ത ഘട്ടത്തിൽ സ്ത്രീ യാത്രക്കാരെ ഉൾപ്പെടെ ചന്ദ്രോപരിതലത്തിൽ എത്തിക്കാനും നാസ പദ്ധതി ഇടുന്നു. 42 ദിവസവും മൂന്ന് മണിക്കൂറും ഇരുപത് മിനിട്ടും നീണ്ടു നിൽക്കുന്നതാണ് യാത്ര. ഓറിയോൺ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ശ്രമിക്കും.

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനവും തിരിച്ചുള്ള യാത്രയിൽ ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കവുമാണ് യാത്രയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം. ഭൂമിയിൽ നിന്ന് ഒരാഴ്ചയോളം സമയമെടുത്താണ് ഓറിയോൺ ചന്ദ്രനിലേക്ക് എത്തുന്നത്. ദൗത്യം പൂർത്തിയാക്കിയതിന് ശേഷം പസഫിക് സമുദ്രത്തിലേക്ക് പേടകം പതിക്കും. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവ് വരുന്നതാണ് ആർട്ടിമിസ് പദ്ധതി. ആദ്യ ദൗത്യത്തിന് 400 കോടി യുഎസ് ഡോളറോളം ചെലവ് വരും.

Share
Leave a Comment