ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യ ഹോങ്കോങ്കിനെതിരായ മത്സരം വിജയിച്ചുവെങ്കിലും ഓപ്പണർ കെ എൽ രാഹുലിന്റെ മന്ദഗതിയിലുളള ബാറ്റിങ്ങിനെ ചൊല്ലി മുറുമുറുപ്പ് ഉയരുന്നു. പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ രാഹുൽ ആദ്യ പന്തിൽ പുറത്തായി ടീമിനെ തുടക്കത്തിൽ സമർദത്തിലാക്കിയിരുന്നു. ദുർബലരായ ഹോങ്കോങ്കിനെതിരെ രാഹുൽ 36 റൺസാണ് നേടിയത്. എന്നാൽ 39 പന്തിൽ നിന്നാണ് ഇത്രയും റൺസ് നേടിയത്.
ടി20 ക്രിക്കറ്റിൽ ഒരിക്കലും അനുയോജ്യമായ ബാറ്റിങ് അല്ല രാഹുലിന്റേത്. മുൻ നായകൻ വിരാട് കോഹ്ലി 44 പന്തുകളിൽ നിന്ന് 59റൺസ് നേടി മികച്ച ഫോമിലേക്ക് തിരിച്ചത്തി. നാലാമനായി ഇറങ്ങിയ സൂര്യകുമാർ യാദവ് 26 പന്തുകളിൽ നിന്ന് 68 റൺസ് നേടിയതാണ് ഇന്ത്യൻ നിരയ്‌ക്ക് കരുത്തേകിയത്. ആറ് വീതം സിക്‌സറുകളും ബൗണ്ടറികളും അടങ്ങുന്നതായിരുന്നു യാദവിന്റെ ഇന്നിങ്‌സ്.
രാഹുൽ അധികം പന്തുകൾ നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇന്ത്യയുടെ സ്‌കോർ 200 കടക്കുമായിരുന്നു. എന്നാൽ രാഹുലിന്റെ സമീപനത്തിനെതിരെ മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കിടേഷ് പ്രസാദ് നിശിതമായ വിമർശനം നടത്തി. ‘പിച്ചിൽ കാണാനാകാത്ത എന്തെങ്കിലും ഉണ്ടോ. പ്രത്യേകിച്ച് കെ.എൽ. രാഹുലിന്റെ ഈ സമീപനം മനസ്സിലാക്കാൻ കഴിയുന്നില്ല.’ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
കെ.എൽ. രാഹുലിനെതിരെ മന്ദഗതിയിലുളള ബാറ്റിങ് മുമ്പും വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഐപിഎല്ലിൽ രാഹുലിന്റെ തട്ടിമുട്ടിയുളള ബാറ്റിങ് കാരണം സ്വന്തം ടീം മത്സരങ്ങളിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായതായി ആരോപണം നേരിട്ടിട്ടുണ്ട്. സൂപ്പർ ഫോറിൽ കടന്ന ഇന്ത്യൻ ടീമിൽ ഇനി രാഹുലിന് ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനാകുമോയെന്ന് കണ്ടറിയണം. പ്രതിഭകൾ കൊണ്ട് സമ്പന്നമായ ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലെടുത്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള അവസരവും രാഹുലിന് നഷ്ടമായേക്കും.
Comments