അബുദാബി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലെത്തി. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ മന്ത്രിയെ യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ, ദുബായ് കോൺസുൽ ജനറൽ ഡോ.അമൻ പുരി, യുഎഇ വിദേശകാര്യ അന്താരാഷട്ര സഹകരണ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബലൂക്കി എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിറിലും മന്ത്രി സന്ദർശനം നടത്തി. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായും മന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ചശേഷം ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര-നയതന്ത്ര തലത്തിൽ ബന്ധം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ എസ്. ജയ്ശങ്കറിന്റെ സന്ദർശനത്തിലുണ്ടാകും.
നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും കരാർ വഴിയൊരുക്കിയിരുന്നു. കരാറിന്റ ഫലമായി അഞ്ചുവർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്
Comments