തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണമായിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബി എം എസ് സെക്രട്ടറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. രണ്ടു മാസമായിട്ടും തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. തൊഴിലാളികൾ ഒന്നടങ്കം സമരം നടത്തുകയല്ലാതെ വേറെ വഴിയില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും ഇക്കണക്കിന് പോയാൽ ജീവനക്കാർ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും ബി എം എസ് അറിയിച്ചു.
ഓണമായിട്ടും ശമ്പളം നൽകാതെ സർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയാണ്. നിരവധി കുടുംബങ്ങൾ പണമില്ലാത്ത കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. മക്കൾക്ക് ഓണക്കോടി വാങ്ങാൻ പോലും പണമില്ലാത്തതിനാൽ ജീവനക്കാർ കടുത്ത ബുദ്ധിമുട്ടിലാണ്. കെ എസ് ആർ ടി സി അധികൃതരുമായി നിരവധി തവണ ചർച്ച നടത്തിയെങ്കിലും യാതൊരു ഗുണവുമില്ലന്നാണ് ബി എം എസ് പറയുന്നത്.
കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിൽ കഴിഞ്ഞ ദിവസം ജീവനക്കാരുടെ കുടുംബം പ്രതിഷേധ സമരം നടത്തിയിരുന്നു. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ തൊഴിലാളികളുടെ വീടുകൾ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. നിരവധി കട ബാധ്യതകൾ ഉള്ളവരാണ് ജീവനക്കാരിൽ ഭൂരിഭാഗവും. കുട്ടികളുടെ പഠനം , വീട്ടു ചിലവ് , ബാധ്യത എന്ന് തുടങ്ങി നിരവധി പ്രശ്നങ്ങൾ ശമ്പളം ലഭിക്കാത്തത് മൂലം ഓരോ കുടുംബവും നേരിടുകയാണെന്ന് ബി എം എസ് ഭാരവാഹികൾ പറഞ്ഞു.
തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെങ്കിലും പരിഹാരമുണ്ടാക്കാൻ ഇതുവരെയായിട്ടും സർക്കാരിന് സാധിച്ചിട്ടില്ല. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഒരു മാസം 80 കോടി രൂപ വേണം. രണ്ടുമാസത്തെ ശമ്പളമെങ്കിലും നൽകാനാണ് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയും ശ്രമിക്കുന്നത്.
Comments