ഇന്ത്യൻ സൈന്യത്തിന്റെ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും ആഭിജാത്യത്തിനും പുതിയ ഉയരങ്ങൾ നൽകി, നാവിക സേനയുടെ പുതിയ പതാക. കൊളോണിയൽ അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത പുതിയ പതാക കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്. തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് നാവിക സേനയ്ക്ക് സമർപ്പിച്ച ചടങ്ങിലായിരുന്നു പ്രധാനമന്ത്രി പുതിയ പതാക അനാച്ഛാദനം ചെയ്തത്.
കൊളോണിയൽ ഭൂതകാലത്തെ നാം പൂർണ്ണമായും തൂത്തെറിഞ്ഞിരിക്കുകയാണ് എന്നാണ്, പതാക അനാവരണം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞത്. വെളുത്ത പശ്ചാത്തലത്തിൽ ചുവന്ന സെൻ്റ് ജോർജ്ജ് കുരിശോട് കൂടിയതായിരുന്നു നാവിക സേനയുടെ പഴയ പതാക. ഇത് പരിഷ്കരിച്ചാണ് ഛത്രപതി ശിവാജിയുടെ രാജമുദ്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പുതിയ പതാക തയ്യാറാക്കിയിരിക്കുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഇംഗ്ലീഷ് പതാകയായ യൂണിയൻ ജാക്ക് ബ്രിട്ടീഷ് നാവിക ചിഹ്നത്തിന്റെ ഭാഗമായിരുന്നു. കോളനിവത്കരണത്തിന് ശേഷം ബ്രിട്ടീഷുകാർ അത് ഇന്ത്യൻ നാവിക സേനയ്ക്കും ബാധകമാക്കി. യൂണിയൻ ജാക്കിനൊപ്പം സെൻ്റ് ജോർജ്ജ് കുരിശുകൂടി മുദ്രണം ചെയ്തതായിരുന്നു പതാക. സ്വാതന്ത്ര്യ ലബ്ദ്ധിക്ക് ശേഷം മൂന്ന് വർഷം കൂടി ബ്രിട്ടീഷ് അടിമത്തത്തിന്റെ പ്രതീകമായ കൊടിയടയാളം ഇന്ത്യൻ നാവിക സേനയുടെ മുഖമുദ്രയായി തുടരാൻ നെഹ്രു അനുവദിച്ചു. 1950ലാണ് പിന്നീട് പതാക പരിഷ്കരിച്ചത്.
1950ൽ യൂണിയൻ ജാക്കിന് പകരം ത്രിവർണ പതാക നാവിക സേനയുടെ കൊടിയടയാളത്തിന്റെ ഭാഗമായി. എന്നാൽ അപ്പോഴും സെൻ്റ് ജോർജ്ജ് കുരിശിന് മാറ്റമുണ്ടായില്ല. ഇന്ത്യൻ നാവിക സേനയുടെ പതാകയിൽ നിന്നും ആദ്യമായി സെൻ്റ് ജോർജ്ജ് കുരിശ് ഒഴിവാക്കിയത് 2001ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു. ദേശീയ പതാകയ്ക്കൊപ്പം നാവിക ചിഹ്നം കൂടി ഉൾപ്പെടുത്തി കൊടിയടയാളം പരിഷ്കരിച്ചു. നാവിക മുദ്രയ്ക്ക് മുകളിലായി ദേശീയ ചിഹ്നമായ സിംഹമുദ്രയും പതാകയിൽ സ്ഥാനം പിടിച്ചു.
എന്നാൽ 2004ൽ അധികാരത്തിൽ തിരിച്ചെത്തിയ കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാർ നാവിക സേനയുടെ പതാക വീണ്ടും മാറ്റി. നാവിക മുദ്ര ഒഴിവാക്കി പകരം ദേശീയ പതാകയേക്കാൾ വലിയ സെൻ്റ് ജോർജ്ജ് കുരിശ് പുനസ്ഥാപിച്ചു. ദേശീയതയെ വീണ്ടും വൈദേശിക അടിമത്തത്തിന്റെ കാൽക്കീഴിൽ സമർപ്പിച്ച തീരുമാനം എന്നാണ് അന്ന് അത് വിലയിരുത്തപ്പെട്ടത്.
സമസ്ത മേഖലകളിലും രാജ്യത്തെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ പ്രതിരോധ രംഗത്തടക്കം കൃത്യമായ ആസൂത്രണത്തോടെ സ്വദേശിവത്കരണം നടപ്പിലാക്കി മുന്നോട്ട് പോകുകയാണ്. ഇതിന്റെ കൂടി ഭാഗമായാണ് സേനയുടെ പുതിയ കൊടിയടയാളവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരിക്കുന്നത്. കൊളോണിയൽ ഭൂതകാലത്തെ അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയുന്ന ചിഹ്നമായാണ് പുതിയ കൊടിയടയാളം വിലയിരുത്തപ്പെടുന്നത്.
Comments