തിരുവനന്തപുരം: വിജിലൻസിന്റെ ഓപ്പറേഷൻ ജാസൂസിൽ മോട്ടോർ വാഹനവകുപ്പിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ കെക്കൂലി ഇടപാട്. ഏജന്റുമാരിൽ നിന്ന് വിജിലൻസ് ലക്ഷങ്ങളുടെ കൈക്കൂലി പണമാണ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും 53 ആർ ടി ഒ-ജെആർ ടി ഒ ഓഫിസുകളിലാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൈക്കൂലി ഓൺലൈനിൽ വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തി.കോട്ടയം ആർ ടി ഓഫീസിൽ നടന്ന പരിശോധനയിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും, അടിമാലി ആർ ടി ഓഫീസിൽ ഗൂഗിൾ പേ വഴി 97000 രൂപ പലപ്പോഴായി ഏജന്റുമാർ നൽകിയിട്ടുള്ളതായും കണ്ടെത്തി.
ചങ്ങനാശ്ശേരി ആർ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാർ മുഖേന ഗൂഗിൾ പേ വഴി 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർ ടി ഓഫിസിലെ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേയ്ക്ക് വിവിധ ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാരിൽ നിന്നും 15,790 രൂപ നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ എല്ലാം തന്നെ വരും ദിവസങ്ങളിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.
Comments