ഇസ്ലാമാബാദ്: പ്രളയ ദുരിതത്തിൽ ബുദ്ധിമുട്ടുന്ന പാകിസ്താന്റെ പലയിടങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതും പ്രളയബാധിതരായ ജനങ്ങളെ സഹായിക്കുന്നതിനും മുന്നിട്ടിറങ്ങുന്നത് തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണ് (എൽഇടി). സർക്കാർ സംവിധാനങ്ങളെ മറികടന്നാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തനങ്ങൾ. പ്രഷളയദുരിത്വാശ ഫണ്ടിനായി ആഗോള അഭ്യർത്ഥന നടത്തിയെങ്കിലും പിന്നീട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാജ്യത്ത് നടത്തുന്നതിൽ നിന്ന് അന്താരാഷ്‌ട്ര എൻജിഒ-കളെ പാകിസ്താൻ സർക്കാർ വിലക്കിയിരുന്നു. ഈ അവസരം കൂടി മുതലെടുത്തു കൊണ്ടാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തനം.
പഞ്ചാബ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ, സിന്ധ് എന്നിവയുൾപ്പെടെ പാകിസ്താനിലെ നാല് പ്രദേശങ്ങളിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ലഷ്‌കർ-ഇ-തൊയ്ബ മുന്നിട്ടിറങ്ങുന്നു. ഈ പ്രവർത്തനത്തിലൂടെ പ്രദേശങ്ങളിൽ സംഘടനയെ പുനരുജ്ജീവിപ്പിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പാകിസ്താൻ മാദ്ധ്യമപ്രവർത്തകനായ താഹ സിദ്ദിഖ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. പ്രളയബാധിതർക്കിടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ഭീകര സംഘടന വളരുകയാണെന്നും യുവാക്കളെയടക്കം തങ്ങളുടെ ഭാഗമാക്കുകയാണ് ലഷ്‌കർ-ഇ-തൊയ്ബ എന്നും താഹ വ്യക്തമാക്കുന്നു. മാത്രമല്ല, പാക് സൈന്യമായും മറ്റ് സംഘടനകളുമായും വളരെ സഹകരണത്തോടു കൂടിയാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തനം.
ലഷ്‌കർ-ഇ-തൊയ്ബ മേധാവി ഹാഫിസ് സയീദിന്റെ മകനായ ഹാഫിസ് തൽഹ സയീദാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ ഭീകര സംഘടനയെ വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആദ്യം കാലം മുതൽക്കെ ലഷ്‌കർ-ഇ-തൊയ്ബയിൽ പ്രവർത്തിക്കുന്ന ഹാഫിസ് അബ്ദുർ റഹൂഫ്, നദീം അവാൻ എന്നീ ഭീകരന്മാരും പ്രളയബാധിതർക്കിടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ലഷ്‌കർ-ഇ-തൊയ്ബയെ യുഎസും യുഎന്നും നിരോധിച്ചിരുന്നു. പാകിസ്താനിലെ ലാഹോറിലും മുംബൈ അടക്കമുള്ള ഭാരതത്തിന്റെ പലയിടങ്ങളിലും ഭീകരാക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ലോക സമാധാനത്തിന് തന്നെ ഭീക്ഷണിയാകുന്ന ഒരു ഭീകര സംഘടന പാകിസ്താന്റെ പ്രതിസന്ധി ഘട്ടത്തിൽ ദുർബലരായ മനുഷ്യരെ മുതലെടുത്തുകൊണ്ട് വേരുറപ്പിക്കാൻ ശ്രമിക്കുകയാണ്.
















Comments